Thursday, April 25, 2024
spot_img

പിതൃ സ്മരണകളുമായി വീണ്ടും ഒരു ബലിതര്‍പ്പണം ;’എട്ടിന്റെ കളികള്‍ നിറച്ച് ഈ വര്‍ഷത്തെ കര്‍ക്കടകവാവ്‌’

പിതൃ സ്മരണകളുമായി വീണ്ടും ഒരു ബലിതര്‍പ്പണ ദിനം കൂടി എത്തുന്നു. കോവിഡ് മഹാമാരി ഉയര്‍ത്തുന്ന ഭീഷണി കാരണം ബലിഘട്ടങ്ങളിലേക്കുള്ള അധിക തിരക്ക് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയുമുണ്ടാകില്ല.

ഈ വര്‍ഷത്തെ കര്‍ക്കടകവാവ് ബലി ഓഗസ്റ്റ് 8,അതായത് 1196 കര്‍ക്കടകം 23, ഞായറാഴ്ചയും അമാവാസി തിഥിയും പൂയം നക്ഷത്രവും കൂടിയ ദിവസത്തിലാണ്. അന്നേ ദിവസം രാവിലെ 9.16 വരെ പൂയം നക്ഷത്രവും തുടര്‍ന്ന് ആയില്യവും ആകുന്നു. ഇതിലെ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍, പിതൃക്കളുടെയും മോക്ഷത്തിന്റെയും മരണത്തിന്റെയും ആയുസ്സിന്റെയും കാരണക്കാരനായിട്ടുള്ള ഗ്രഹമാണ് ശനി. ഈ ശനിയുടെ സമ്പൂര്‍ണ ആധിപത്യമാണ് ഈ വര്‍ഷത്തെ കര്‍ക്കടകവാവ് ബലിക്ക് ഉള്ളത്.

മാത്രമല്ല സംഖ്യ ശാസ്ത്രപ്രകാരം 8 ശനിയുടെ തിയതി, 8-ാം മാസം ഓഗസ്റ്റ്. ശനിയുടെ നക്ഷത്രമായ പൂയം, ശനിയുടെ രാശീ ചക്രത്തിലെ ആദ്യനക്ഷത്രമാണ് പൂയം, ഒപ്പം ജീവന്റെയും ആത്മാവിന്റെയും കാരകനായ സൂര്യന്റെ ആഴ്ചയായ ഞായറാഴ്ചയും. അതുകൊണ്ട് നമുക്ക് നിസ്സംശയം പറയാം എട്ടിന്റെ കളികള്‍ നിറച്ച ഒരു കർക്കടക വാവ് ആണ് ഈ വര്‍ഷത്തേത്.

ഇനി കേരളത്തിലെ പ്രധാന ബലിഘട്ടങ്ങള്‍ ഇവയൊക്കെയാണ്;

കേരളത്തില്‍ തിരുവല്ലം (വല്ലം) തിരുവനന്തപുരം, (മുല്ല) തിരുമുല്ലവാരം (കൊല്ലം), (നെല്ലി) തിരുനെല്ലി (വയനാട്), എന്നിവയാണ് പ്രധാനം. കൂടാതെ രാമേശ്വരം, കാശി, കന്യാകുമാരി, പമ്ബയാറിന്റെ തീരം, ആലുവ ശിവക്ഷേത്ര മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, വര്‍ക്കല പാപനാശം (ജനാര്‍ദ്ദനസ്വാമിക്ഷേത്രം) അരുവിപ്പുറം നദീതീരം (അരുവിപ്പൂറം ശിവക്ഷേത്രം). ശൈവ, വൈഷ്ണവ ക്ഷേത്രങ്ങള്‍ക്ക്് സമീപം ഉള്ള ജലാശയങ്ങള്‍ ആണ് പലപ്പോഴും ബലിതര്‍പ്പണകേന്ദ്രങ്ങള്‍ ആയി മാറുന്നത്.

പിതൃബലിയുടെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം;

ഇപ്പോഴത്തെ ഈ പകര്‍ച്ചവ്യാധി കാലത്ത് വീട്ടില്‍ ബലി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സമീപത്തെ ജലാശയത്തില്‍ സമര്‍പ്പിച്ച്‌ സ്നാനം നടത്തിയാല്‍ പിതൃമോക്ഷ പ്രാപ്തിയും പിതൃക്കളുടെ അനുഗ്രഹവും വന്നു ചേരും. മാത്രമല്ല പിതൃക്കളുടെ അനുഗ്രഹത്താല്‍ ഐശ്വര്യം, സല്‍സന്താനം, ബാധ്യതകളില്‍ നിന്ന് മോചനം, സങ്കടമോചനം, ഭവനത്തില്‍ വിവാഹാദി മംഗളകര്‍മ്മ സാദ്ധ്യതകള്‍ എന്നിവയെല്ലാം ഉണ്ടാകും.

കൂടാതെ പ്രവര്‍ത്തി വിജയം, മന:ശാന്തി, കടമ നിര്‍വഹിച്ചതിലുള്ള സാഫല്യം എന്നിവ ഫലം. ബലിയോടോപ്പം തിലഹോമവും (തിലഹവനം) എള്ള്, എള്ളെണ്ണ, നാളീകേരം എന്നിവ ഉപയോഗിച്ച്‌ നടത്താം. ഇത് ക്ഷേത്രങ്ങളില്‍ ചെയ്യുന്നതാണ് ഉത്തമം.മാത്രമല്ല പ്രദേശിക ആചാര ഭേദങ്ങളും ഈ വിഷയത്തില്‍ ഉണ്ട്. നമുക്ക് നമ്മുടെ വംശീയ പൂര്‍വികരെ നന്ദിയോടെ അനുസ്മരിക്കാനും ആദരവ് നല്‍കാനും കര്‍ക്കടക മാസത്തിലെ ഈ സവിശേഷമായ വാവ് ബലി ഭക്ത്യാദര പൂര്‍വം ആചരിക്കുകയും ചെയ്യാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles