vavubali
vavubali

ഇന്ന് കര്‍ക്കിടക വാവ്.മലയാളികള്‍ ലോകത്തിന്റെ ഏതു കോണിലുമിരുന്നു മരിച്ചുപോയ തന്റെ ബന്ധുക്കളുടെ അദൃശസാന്നിധ്യം അറിയുന്ന ദിനം. ഇന്ന് ഒരൊറ്റ ദിവസത്തേക്കു മാത്രമായി മരണദേവന്റെ കോട്ടവാതില്‍ മരിച്ചവര്‍ക്കു മുന്നിൽ തുറക്കപ്പെടുന്നു.

പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി അനന്തരതലമുറ കൊല്ലത്തിലൊരിക്കല്‍ ശ്രാദ്ധമൂട്ടുന്നതാണ് കര്‍ക്കടകവാവ്.കര്‍ക്കടക വാവും പിതൃതര്‍പ്പണവും വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. കേരളത്തില്‍ വയനാട്ടിലെ തിരുനെല്ലി, തിരുനാവായ, ആലുവാ മണപ്പുറം, കൊല്ലം തിരുമുല്ലവാരം, തലസ്ഥാനത്ത് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല കടപ്പുറം, അരുവിപ്പുറം മഠം തുടങ്ങി പിതൃബലിക്ക് പ്രസിദ്ധമായ സ്ഥലങ്ങള്‍ നിരവധിയാണ്.

ഓരോ വര്‍ഷവും ഓരോ പുണ്യതീര്‍ഥത്തില്‍ ബലിയിടുന്ന പതിവ് ചിലര്‍ക്കുണ്ട്. എത്ര ദൂരെ കഴിഞ്ഞാലും കര്‍ക്കടകവാവിന് പതിവുള്ള സ്ഥലത്തു തന്നെയെത്തി ബലിയിടുന്നവരും നിരവധിയാണ്.

അദ്ധ്യാത്മരാമായണം അയോധ്യാകാണ്ഡത്തില്‍ ദശരഥന്റെ മരണത്തെ തുടര്‍ന്ന് രാമലക്ഷ്മണാദികള്‍ ഗംഗയില്‍ ഉദകക്രിയ ചെയ്യുന്ന രംഗമുണ്ട്. നാം ഏത് അന്നം ഭുജിക്കുന്നുവോ അത് പിതൃക്കളും ഭുജിക്കുന്നുവെന്ന് സ്മൃതികളെ ഉദ്ധരിച്ച്‌ എഴുത്തച്ഛന്‍ പറയുന്നു. ഈശ്വരന്‍, ധര്‍മദൈവം എന്നിവയ്ക്ക് തുല്യം മണ്‍മറഞ്ഞ പിതൃക്കളെ ഗുരുസ്ഥാനം നല്‍കി ആദരിക്കുന്ന പാരമ്പര്യമുണ്ട്.

ദേവന്മാര്‍ക്ക് മുന്നേ പിതൃക്കളെ പ്രസാദിപ്പിക്കണമെന്നാണ് വിശ്വാസം. പുരാണകാലം മുതല്‍ അനുഷ്ഠിക്കുന്ന ആ കര്‍മത്തിന് തലമുറകളുടെ പുണ്യമുണ്ടെന്നും കരുതുന്നു.

ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കളുടെ ഒരു ദിവസമെന്നാണ് പുരാണത്തിലുള്ളത്. മണ്‍മറഞ്ഞവര്‍ക്ക് അനന്തരതലമുറ ചെയ്യുന്ന കര്‍മമാണ് ശ്രാദ്ധം. ഓരോ വര്‍ഷവും മരിച്ച തിയതി, നക്ഷത്രം എന്നിവയിലാണ് ശ്രാദ്ധമൂട്ടുന്നത്. ഇതിന് സാധിക്കാതെ വരുന്നവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ വരുന്ന കര്‍ക്കടകവാവ് നാളില്‍ സകല പിതൃക്കളുടെയും ആത്മശാന്തിക്കായി തര്‍പ്പണം നടത്താം.

പിതൃക്കള്‍ ഒരു കൂട്ടം ദേവകളെന്നാണ് മനുസ്മൃതിയിലുള്ളത്. സപ്തര്‍ഷികളാണ് പിതൃക്കളെ സൃഷ്ടിച്ചത്. പിതൃക്കള്‍ക്കു വേണ്ടി ഉരുട്ടിവയ്ക്കുന്ന ചോറാണ് പിതൃപിണ്ഡം. ബലിച്ചോറുകൊണ്ട് പിതൃക്കള്‍ പ്രസന്നരായി, മരിച്ചവരുടെ ആത്മാക്കളെ അനുഗ്രഹിക്കുമെന്നാണ് ഈ വിശ്വാസം. മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃക്കളില്‍ നിന്നും അനുഗ്രഹം ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധമെന്ന് മഹാഭാരതം അനുശാസനപര്‍വ്വത്തിലും പറയുന്നു.

ആദ്യം പിതൃതര്‍പ്പണം നടത്തിയത് പരശുരാമനാണെന്നാണ് സങ്കല്‍പം. അച്ഛനായ ജനധഗ്നി മഹര്‍ഷിയെ കാര്‍ത്തവീരാര്‍ജ്ജുനന്‍ കൊന്നതില്‍ കോപാകുലനായ പരശുരാമന്‍ 21 പ്രാവശ്യം ക്ഷത്രിയരെ വധിച്ച്‌ ആ രക്തം കൊണ്ട് പിതൃതര്‍പ്പണം ചെയ്തു .

ബലിക്ക് വേണ്ട വസ്തുക്കള്‍, അവയുടെ പ്രാധാന്യം

ദര്‍ഭപ്പുല്ല്: പുരാതനകാലം മുതല്‍ ക്ഷേത്രപൂജകള്‍ക്ക് തുല്യം പിതൃകര്‍മത്തിനും ദര്‍ഭപ്പുല്ല് അനിവാര്യമായ വസ്തുവാണ്. ബലിയിടുമ്പോള്‍ ഉപയോഗിക്കുന്ന പവിത്രവും ദര്‍ഭ വളച്ചാണ് നിര്‍മിക്കുന്നത്. മരിച്ചയാളുടെ ജഡം കിട്ടാതെ വരുന്ന വേളയില്‍ ‘ദര്‍ഭസംസ്‌ക്കാരം’ നടത്തി ആത്മശാന്തി നടത്തുന്ന ക്രിയയും പുരാണങ്ങളിലുണ്ട്. ദര്‍ഭകൊണ്ട് ചെയ്യുന്ന ഈ അപരക്രിയയ്ക്ക് ‘ദര്‍ഭ വെട്ടിച്ചുടല്‍’ എന്നും പേരുണ്ട്.

ബലിച്ചോറ്: പിതൃക്കളുടെ വിശപ്പ് മാറ്റാന്‍ തര്‍പ്പണത്തിനുള്ള പ്രധാന ഇനം.

എള്ള്: പിതൃക്കളുടെ ദാഹം മാറ്റാനാണ് എള്ള് ഉപയോഗിക്കുന്നത്. ദര്‍ഭമുനയില്‍ എള്ളും വെള്ളവും (തിലോദകം) അര്‍പ്പിച്ച്‌ പിതൃക്കളുടെ ദാഹം തീര്‍ക്കാമെന്നാണ് വിശ്വാസം. പ്രേതമുക്തിക്കായി എള്ള് ഉപയോഗിച്ച്‌ ചെയ്യുന്നതാണ് തിലഹോമം.

നെയ്യ്: ബലികര്‍മത്തിനെല്ലാം നെയ്യ് ചേര്‍ക്കണമെന്നാണ് ആചാരം.

മറ്റ് വസ്തുക്കള്‍: തൂശനില, വാല്‍ക്കിണ്ടി, നിലവിളക്ക്, ഗണപതി പടുക്ക, ചെറൂള, തെച്ചി. തുളസി ഉള്‍പ്പെടെ പൂക്കള്‍, പഴം, ചന്ദനം.