Wednesday, April 24, 2024
spot_img

കർക്കിടക വാവ്; പിതൃക്കളുടെ പ്രീതിക്കായി ബലിതർപ്പണം

കർക്കടക വാവുബലി ദിനമായ ഇന്ന് പിതൃക്കളുടെ പ്രീതിക്കായി ബലിതർപ്പണം നടത്താൻ വിശ്വാസികൾ ഒരുങ്ങുന്നു. കർക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് നമ്മൾ കർക്കിടക വാവായി ആഘോഷിക്കുന്നത്. ഈ വർഷം ജൂലൈ 28 നാണ് കർക്കിടക വാവ്. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍. ഹിന്ദുക്കള്‍ക്ക് അതീവ പ്രാധാന്യമുളള ചടങ്ങാണ് കര്‍ക്കിടകത്തിലെ കറുത്തവാവിനു ആചരിക്കുന്ന വാവുബലി. ഇന്ന് രാത്രി 7.30 മുതൽ നാളെ രാത്രി 8.15 വരെയാണ് അമാവാസി. സ്നാനഘട്ടങ്ങളിലെല്ലാം പുലർച്ചെ മുതൽ ബലിതർപ്പണം ആരംഭിക്കും.

കര്‍ക്കിടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ദര്‍ഭ, എളള്, അരി, ചെറുള, കറുക, വെളുത്തപൂവ്, തുളസി, ചന്ദനം,ജലം,വാഴയില എന്നിവയാണ് പ്രധാന ബലികര്‍മ്മ വസ്തുക്കള്‍. ബലികാക്ക ബലി എടുത്താല്‍ പിതൃക്കള്‍ സന്തുഷ്ടരായി എന്നാണ് വിശ്വാസം. പിതൃക്കളാണ് ബലികാക്കയുടെ രൂപത്തില്‍ ബലി സ്വീകരിക്കാന്‍ എത്തുന്നത് എന്നും വിശ്വസിക്കപ്പെടുന്നു.

വാവുബലി കൃത്യമായി ആചരിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷവും ആചരിക്കുന്നവര്‍ക്ക് ധനവും, സമൃദ്ധിയും, പുത്രനന്മയും ഉണ്ടാകും എന്നാണ് വിശ്വാസം. പിതൃക്കളുടെ അനിഷ്ടം കൊണ്ട് ദുരിതങ്ങളും രോഗങ്ങളും ഉണ്ടാകുമെന്നും ഒരു വിശ്വസമുണ്ട്. കര്‍ക്കിടകത്തിലെ വാവിന് സന്തതിപരമ്പരയുടെ ബലിതര്‍പ്പണവും പൂജയും പ്രതീക്ഷിച്ച് പൂര്‍വ്വികര്‍ എത്തുമെന്നാണ് വിശ്വാസം.

കറുത്തവാവിന്റെ ദിനത്തിലും തലേന്നും ഒരിക്കലെടുത്ത് വ്രതശുദ്ധിയോടെ ആചരിക്കേണ്ടതാണ് അമാവാസി വ്രതം. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ വ്രതം അനുഷ്ഠിക്കുന്ന സമയത്ത് കഴിക്കാന്‍ പാടില്ല. 48 മണിക്കൂറാണ് വ്രതം അനുഷ്ഠിക്കേണ്ടത്.

ഇതിഹാസങ്ങളില്‍ പിതൃതര്‍പ്പണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു കഥ പറയുന്നുണ്ട്. ദാനശീലനായി വാഴ്ത്തപ്പെടുന്ന കര്‍ണ്ണന്‍ മഹാഭാരതയുദ്ധത്തില്‍ വീരചരമം പ്രാപിച്ച് സ്വര്‍ഗ്ഗം പൂകിയെങ്കിലും അവിടെ അദ്ദേഹത്തിന് ഭക്ഷണത്തിനു പകരം കഴിക്കാന്‍ ലഭിച്ചത് സ്വര്‍ണ്ണമായിരുന്നത്രേ. ഇതിന്റെ കാരണം ആരാഞ്ഞ കര്‍ണ്ണനോട് ദേവേന്ദ്രന്‍ പറഞ്ഞത് ജീവിച്ചിരുന്ന കാലത്ത് കര്‍ണ്ണന്‍ യഥാവിധി പിതൃപൂജ ചെയ്തിരുന്നില്ല എന്നായിരുന്നു.

സ്വര്‍ണ്ണം ധാരാളമായി ദാനം ചെയ്തതിനാലാണ് ഭക്ഷണമായി സ്വര്‍ണ്ണം ലഭിക്കുന്നത്. യഥാസമയത്ത് പൂര്‍വ്വികരെ സ്മരിച്ച് ജലവും ഭക്ഷണം ശ്രാദ്ധമായി നല്‍കാന്‍ തന്റെ ജന്മത്തിന്റെ പ്രത്യേകതകള്‍കൊണ്ട് കഴിയാതെ പോയ കര്‍ണ്ണന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ശ്രാദ്ധചടങ്ങുകള്‍ നടത്താനായി ഭൂമിയിലേക്കു തിരിച്ചു. പതിനഞ്ചുദിവസത്തേക്കായിരുന്നു ആ യാത്ര.

ഭക്ഷണവും ജലവും നല്‍കി പിതൃക്കളെ ശ്രാദ്ധമുട്ടി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി. പിതൃക്കളെ ശ്രാദ്ധമൂട്ടാതെ, ഏതുവലിയ പുണ്യപ്രവര്‍ത്തി ചെയ്താലും അപൂര്‍ണ്ണമാണെന്നാണ് ഈ കഥയിലൂടെ പറയുന്നത്.

 

 

Related Articles

Latest Articles