ബംഗുളൂരു : തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിനും ദത്തെടുക്കുന്നതിനും ഒരു ഓൺലൈൻ പോർട്ടൽ ആരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. തന്റെ സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിലാണ് ഈ പദ്ധതി അദ്ദേഹം വെളിപ്പെടുത്തിയത്.
നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനറ്റിക് റിസോഴ്സസ് (എൻബിഎജിആർ) മുധോൾ ഹൗണ്ട് ഡോഗ് ബ്രീഡിനെ അംഗീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി, ഈ ഇനത്തെ വികസിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .
മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും മൃഗങ്ങളുടെ ക്ഷേമത്തിനുമായി മൃഗക്ഷേമ ബോർഡിന് അഞ്ച് കോടി രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉടമസ്ഥരില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ ചികിത്സയ്ക്കായി ബോർഡ് ബെംഗളൂരുവിൽ മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ ആരംഭിക്കും. 2021-ൽ, ബൊമ്മായി തന്റെ നായയായ ‘സണ്ണി’യുടെ മരണത്തിൽ കണ്ണീർ വാർക്കുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

