Wednesday, May 15, 2024
spot_img

“ദേവ് ദീപാവലി ഉത്സവം എന്ന തൃക്കാർത്തിക”: ഗംഗാ ഘട്ടിൽ ഇന്ന് തെളിയുക 15 ലക്ഷം ദീപങ്ങൾ

വാരണാസി: ഇന്ന് വൃശ്ചിക മാസത്തിലെ തൃക്കാർത്തിക (Thrikkarthika). ഹൈന്ദവർക്ക് ജീവിതം പ്രകാശമാനമാക്കുന്ന ആഘോഷദിനം. വൃശ്ചികത്തിലെ കാർത്തിക ഭഗവതിയുടെ ജന്മദിനമാണ്. അഗ്നിനക്ഷത്രമാണ് കാർത്തിക. പൗർണമിയും കാർത്തിക നക്ഷത്രവും ഒരുമിക്കുന്ന ദിവസമാണ് തൃക്കാർത്തിക. ഈ നാളിൽ നക്ഷത്രത്തിന്റെ ശക്തി കൂടുമെന്നാണ് വിശ്വാസം. ശകവർഷത്തിലും തമിഴിലും വൃശ്ചികമാസത്തിന്റെ പേരു തന്നെ കാർത്തിക എന്നാണ്. തമിഴ്‌നാട്ടിലാണ് കാർത്തിക പ്രധാനമെങ്കിലും കേരളത്തിൽ,​ പ്രത്യേകിച്ച് ദക്ഷിണ കേരളത്തിൽ തൃക്കാർത്തിക പ്രധാന ആഘോഷമാണ്. അധർമ്മത്തിന്റെ മേൽ പരാശക്തി പൂർണ വിജയം നേടിയ ദിവസമായും തൃക്കാർത്തിക ആചരിക്കുന്നു.

വീടുകളിലും, ക്ഷേത്രങ്ങളിലും, നിലവിളക്കിലും മൺചെരാതുകളിലും കാർത്തിക ദീപം തെളിയിച്ച് നാടെങ്ങും ആഘോഷിക്കും. കാർത്തിക ദിനത്തിൽ ദേവീപ്രീതി ചൊരിയുമെന്നാണ് വിശ്വാസം. ദീപാവലിക്ക് ശേഷം പതിനഞ്ച് നാൾ പിന്നിടുമ്പോൾ ആണ് കാർത്തിക പൂർണിമ ആഘോഷം വരുന്നത്.14 വർഷത്തെ വനവാസത്തിനുശേഷം രാവണനെ വധിച്ച് ശ്രീരാമൻ സീതയ്‌ക്കും , ലക്ഷ്മണനുമൊപ്പം അയോദ്ധ്യയിലേക്ക് മടങ്ങിയ അമാവാസി ദിനത്തിലാണ് ഇന്ത്യയൊട്ടാകെ ദീപാവലി ആഘോഷിക്കുന്നത്. കാർത്തിക പൂർണിമ എന്നും ഇത് അറിയപ്പെടുന്നു.

“ദേവ് ദീപാവലി” ഉത്സവം

ഉത്തരേന്ത്യയിൽ ദൈവങ്ങളുടെ ദീപാവലിയായ ദേവ് ദീപാവലി ഉത്സവം എന്നാണ് ഈ ദിവസം പോതുവെ അറിയപ്പെടുന്നത്. മനോഹരമായ രംഗോലികളും ലക്ഷക്കണക്കിന് ദീപങ്ങളും കത്തിച്ചാണ് ഇന്നത്തെ കാർത്തിക പൗർണ്ണമി ആഘോഷിക്കുന്നത്. വാരണാസിയിലെ ഗംഗാഘട്ടിൽ 15 ലക്ഷം ദീപങ്ങൾ ആണ് ഇന്ന് തെളിയിക്കുന്നത്. പുണ്യനദികളിൽ സ്നാനം ചെയ്ത് വിളക്കുകൾ തെളിയിക്കുക എന്നാതാണ് പ്രധാന ആചാരം. ഇതിന്റെ ഭാഗമായി അസ്സി മുതൽ രാജ്ഘട്ട് വരെയുള്ള 84 ഘട്ടുകൾക്കിടയിൽ 22 ലധികം സ്ഥലങ്ങളിൽ ഗംഗാ ആരതി സംഘടിപ്പിക്കും. ഹിന്ദുമതത്തിൽ കാർത്തിക പൂർണിമയ്‌ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കാർത്തിക മാസത്തിൽ ആരാധന, ആചാരങ്ങൾ, വിളക്ക് ദാനം എന്നിവയ്‌ക്കാണ് പ്രത്യേക പ്രാധാന്യം. ഈ മാസത്തിലാണത്രേ മഹാവിഷ്ണു നാല് മാസത്തെ യോഗ നിദ്രയിൽ നിന്ന് ഉണർന്നതെന്നും സങ്കല്പമുണ്ട്. കാർത്തിക പൂർണിമയുടെ പുണ്യ വേളയിൽ, ഭക്തർ ഗംഗയിൽ പുണ്യസ്നാനം ചെയ്യുകയും വൈകുന്നേരം മൺ വിളക്കുകൾ കത്തിക്കുകയും ചെയ്യുന്നു.

Related Articles

Latest Articles