Tuesday, May 14, 2024
spot_img

കരുവന്നൂർ ബാങ്ക് കൊള്ള; പ്രതികൾക്ക് ഇന്ന് നിർണായകം, പിആർ അരവിന്ദാക്ഷന്റെയും സികെ ജിൽസന്റെയും ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് കൊള്ളയിൽ ഇഡി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്. സിപിഎം കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ അക്കൗണ്ടന്‍റ് സി.കെ.ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വിചാരണക്കോടതി വിധി പറയുന്നത്.

ഇരുഭാഗത്തിന്റെയും വിശദമായ വാദം കലൂർ പിഎംഎൽഎ കോടതിയിൽ പൂർത്തിയായിരുന്നു. കേസിൽ പിആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ പ്രതിഭാ​ഗത്തിന്റെയും ഇഡിയുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയാൻ മാറ്റിയത്. പിആർ അരവിന്ദാക്ഷന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത ഇഡി, ഒന്നാം പ്രതി പി സതീഷ് കുമാറുമായി പിആർ അരവിന്ദാക്ഷൻ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ അരവിന്ദാക്ഷൻ കമ്മീഷൻ ചോദിക്കുന്ന കോൾ റെക്കോർഡുകൾ പിഎംഎൽഎ കോടതിയിൽ ഇഡി കേൾപ്പിക്കാനൊരുങ്ങിയപ്പോൾ പ്രതിഭാഗം എതിർപ്പുയർത്തുകയും, തടയുകയുമാണ് ചെയ്തത്. തുടർന്ന് മുദ്രവച്ച കവറിൽ കൈമാറാൻ കോടതി നിർദ്ദേശിച്ചു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി സമർപ്പിക്കുന്ന കുറ്റപത്രത്തിനൊപ്പം കോൾ റെക്കോർഡുകളും കോടതിക്ക് കൈമാറും. ക്വാറി, ഹോട്ടൽ വ്യവസായങ്ങളിലൂടെ സമ്പാദിച്ചതാണ് തന്റെ അക്കൗണ്ടിലെത്തിയ ലക്ഷങ്ങളെന്നാണ് പിആർ അരവിന്ദാക്ഷന്റെ വാദം. അഞ്ചു കോടിയോളം രൂപയുടെ ക്രമക്കേട് ബാങ്കിൽ നടത്തിയ സികെ ജിൽസിന്റെയും ജാമ്യാപേക്ഷ തള്ളണമെന്നതാണ് ഇഡിയുടെ ആവശ്യം. കുറ്റപത്രം സമർപ്പിച്ച ശേഷം രണ്ടാംഘട്ട അന്വേഷണത്തിലേക്ക് കടക്കും.

Related Articles

Latest Articles