Monday, May 6, 2024
spot_img

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും; അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങൾ പിൻവലിക്കാം; നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

തൃശ്ശൂര്‍: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് പണം നൽകുന്നത് ഇന്ന് തുടങ്ങും. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ് പിൻവലിക്കാനാവുക. അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ നവംബർ 11 മുതൽ പിൻവലിക്കാൻ സാധിക്കും. സേവിങ്ങ്സ് അക്കൗണ്ടുകളിൽ നിന്ന് നവംബര്‍ 20 ന് ശേഷം അന്‍പതിനായിരം വരെ പിന്‍വലിക്കാനാണ് അനുമതി. 21,190 സേവിങ്സ് നിക്ഷേപകര്‍ക്ക് പൂര്‍ണമായും 2448 പേര്‍ക്ക് ഭാഗികമായും പണം തിരികെ നൽകുമെന്നാണ് ബാങ്ക് വാഗ്ദാനം.

അൻപത് കോടിയുടെ പാക്കേജ് മാത്രമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതില്‍ നിലവിൽ 17.4 കോടി രൂപയാണ് ബാങ്കിന്‍റെ കൈവശമുള്ളത്. ഇത് വച്ച് നിക്ഷേപകർക്ക് പണം നൽകും. ബാക്കി തുക വരും ദിവസങ്ങളിൽ എത്തുമെന്നാണ് ബാങ്ക് അറിയിക്കുന്നത്. പണം വാങ്ങുന്നവർക്ക് തുക താത്പര്യമുണ്ടെങ്കിൽ ബാങ്കിൽ തന്നെ പുതുക്കി നിക്ഷേപിക്കാനും അവസരമൊരുക്കും. ഡിസംബർ ഒന്നു മുതൽ ഒരു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് തുകയുടെ നിശ്ചിത ശതമാനവും പലിശയും കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്.

ഈ പാക്കേജ് പ്രകാരം 21190 പേർക്ക് പൂർണമായും തുക പിൻവലിക്കാനും 2448 പേർക്ക് ഭാഗികമായി തുക പിൻവലിക്കാനും അവസരമുണ്ടാകും. കുടിശ്ശിക വായ്പകൾ തിരിച്ചുപിടിച്ച് പണം കണ്ടെത്തുമെന്നും സഹകരണ സംഘങ്ങളുടെ കൺസോർഷ്യം, സഹകരണ വികസന ക്ഷേമനിധി ബോർഡ് തുടങ്ങിയവയിലൂടെ പണം സമാഹരിക്കുമെന്നും ബാങ്ക് അറിയിച്ചു.

Related Articles

Latest Articles