Friday, May 17, 2024
spot_img

നാടിന്റെ ചൂടും ചൂരും താളവും അരങ്ങിലേക്ക് തിരിച്ചെത്തിച്ച നാടകാചാര്യൻ; അനുഗ്രഹീത കവി; ഇന്ന് കാവാലം നാരായണപ്പണിക്കരുടെ തൊണ്ണൂറ്റിയഞ്ചാം ജന്മദിനം

വൈദേശിക നാടകങ്ങളുടെ ചിട്ടകൾക്കൊപ്പം നാട്ടിലെ അരങ്ങുകൾ വഴിതെറ്റിയൊഴുകിത്തുടങ്ങിയപ്പോഴാണ് കാവാലത്തിന്റെ രംഗപ്രവേശം. സ്വന്തം നാടിന്റെ സംസ്ക്കാരവും ചൂടും ചൂരും നാട്ടുതാളവും അരങ്ങിലേക്ക് തിരികെക്കൊണ്ടുവന്നതിനു പിന്നിൽ ഒരു ഭഗീരഥപ്രയത്‌നം തന്നെയുണ്ടാകണം. ആഗോളവൽക്കരണവും, വിപണിസംസ്ക്കാരവും, നഗരവൽക്കരണവും നാട്ടിലും അരങ്ങിലും തരംഗമായപ്പോൾ സ്വത്വബോധത്തിൽ ചുറ്റിപ്പറ്റി നിന്ന അതുല്യനായ കലാകാരനായിരുന്നു കാവാലം. ഞങ്ങൾക്കും ഈ ലോകത്തിനു ചിലത് നൽകാനുണ്ടെന്ന ആത്മഗതം മനസ്സിൽ നിറച്ച് അദ്ദേഹം അരങ്ങിൽ മെനെഞ്ഞെടുത്തത് അനേകം അത്ഭുത സൃഷ്ടികളായിരുന്നു. മൂല്യവത്തുക്കളായ നാടക സൃഷ്ടികൾ അദ്ദേഹത്തിലൂടെ ലോകം മുഴുവനും ചുറ്റി സഞ്ചരിച്ചു. അരങ്ങിൽ നാടിന്റെ തുടിപ്പ് പകർന്ന നാടകാചാര്യൻ അനേകം ശിഷ്യന്മാരിലൂടെ അന്ന് തീർത്ത അരങ്ങുകൾ ഇന്നും സജീവമാക്കി നിർത്തുന്നുണ്ട്. നിരവധിപേർ ആ സൃഷ്ടികൾക്കൊപ്പം ഇന്നും കാവാലത്തിന്റെ ഓർമ്മകളിൽ താളം പിടിക്കുന്നുണ്ട്.

കാവാലം നാരായണപ്പണിക്കരുടെ ഏറ്റവും ജനസമ്മതി നേടിയ നാടകമായിരുന്നു അവനവൻ കടമ്പ. അതിന്റെ സംവിധാനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്ര സംവിധായകനായ ജി. അരവിന്ദനായിരുന്നു. സാക്ഷി, കരിങ്കുട്ടി, ഒറ്റയാൻ, ദൈവത്താർ, കരിവേഷം തെയ്യത്തെയ്യം തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കർത്താവായിരുന്നു അദ്ദേഹം. ഇന്ത്യൻ നാടകത്തെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ സോപാനം തിയറ്റർ ലോകമെമ്പാടും നാടകാവതരണം നടത്തിയിട്ടുണ്ട്. തനതുനാടകം എന്ന സങ്കല്പത്തിന്റെ പ്രയോക്താക്കളിൽ ഏറ്റവും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് കാളിദാസ് സമ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, ചെയർമാൻ, കേന്ദ്ര സംഗീത നാടക അക്കാദമി വൈസ്ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്ന അദ്ദേഹം തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടർ ആയിരുന്നു.

രതിനിർവ്വേദം’ എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ എഴുതി അദ്ദേഹം സിനിമാ രംഗത്തെത്തി. തുടർന്ന് വാടകയ്ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി, തുടങ്ങിയ മലയാള ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു. അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1978 ലും 1982 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles