Monday, May 13, 2024
spot_img

പുത്തുമല, കവളപ്പാറ ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം എത്തി

വയനാട്: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം സംഭവിച്ച വയനാട് പുത്തുമല, മലപ്പുറം കവളപ്പാറ എന്നിവിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മുപ്പത് അംഗ സൈന്യമാണ് എത്തിയിട്ടുള്ളത്. പുത്തുമലയില്‍ ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും എട്ടുപേരെ കണ്ടെത്താനുണ്ടെന്ന് കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. അരവണന്‍, അബൂബക്കര്‍, റാണി, ശൈല, അണ്ണാ, ഗൗരി ശങ്കര്‍, നബീസ്, ഹംസ എന്നിവരേയാണ് കാണാതായതെന്ന് ജില്ലാഭരണകൂടം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു.

ഇന്നലെ മുതല്‍ പുത്തുമലയടക്കമുള്ള മേഖലകളില്‍ മഴ പെയ്തിരുന്നില്ല. അതുകൊണ്ട് നേരത്തെ തന്നെ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിക്കും. 10 മുതല്‍ 15 അടി വരെ ഉയരത്തിലാണ് പുത്തുമലയില്‍ മണ്ണ് കുന്നുകൂടി നില്‍ക്കുന്നത്. ആളുകള്‍ ഇപ്പോഴും അതിനടിയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം, ജില്ലാഭരണകൂടം ആവശ്യപ്പെട്ട പ്രകാരം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സൈന്യത്തിന്റെ ഒരു സംഘം ഇന്ന് വയനാട്ടിലെത്തും. നിലവില്‍ ഫയര്‍ഫോഴ്‌സ്, ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍, പൊലീസ്, സൈന്യം എന്നിവര്‍ സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണ്ണ് മാറ്റി ആളുകളെ പുറത്തെത്തിക്കുകയാണ് നിലവില്‍ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ ചെയ്യുന്നത്.

ഇന്നലെ രക്ഷാ പ്രവര്‍ത്തനത്തിനിടെ പുത്തുമലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ശക്തമായതിനെ തുടര്‍ന്ന് പുത്തുമല പോലെ സമാനമായ രീതിയിലുള്ള മലയോര മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അവലോകന യോഗം തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് ഇന്നലെ മാത്രം രണ്ടായിരത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എലിവയല്‍, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നാണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്. ജില്ലയില്‍ ഇരുന്നൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി മുപ്പത്തിഅയ്യായിരത്തിലധികം ആളുകള്‍ കഴിയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles