ദില്ലി : മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് എംഎല്‍സിയുമായ കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.ഇന്ന് ഹാജരാകാൻ ഇ ഡി കവിതയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഉള്ളതിനാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്നാണ് കവിത നൽകിയ വിശദീകരണം.മറ്റന്നാള്‍ ഹാജരാകാമെന്ന് കാണിച്ച് കെ കവിത ഇഡിക്ക് കത്ത് നല്‍കിയെന്നാണ് റിപ്പോർട്ട്.

കേസില്‍ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് ഇഡി നല്‍കിയ നോട്ടീസിന് മറുപടിയായാണ് കവിത ഇക്കാര്യം പറഞ്ഞത്. ഇതേ കേസില്‍ ഡിസംബര്‍ 12ന് സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു. അഴിമതിക്കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. അഴിമതിയില്‍പ്പെട്ട ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി കേസെടുത്തത്.