Monday, May 13, 2024
spot_img

ഭരണഘടനയെ മാനിക്കാത്തതുകൊണ്ട് മന്ത്രിസ്ഥാനം പോയ വ്യക്തിയാണ് സജി ചെറിയാൻ; പങ്കെടുത്തത് രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ; ക്രൈസ്തവർ എന്ത് രാഷ്ട്രീയ നിലപാട് എടുക്കണമെന്ന് മറ്റുള്ള രാഷ്ട്രീയപാർട്ടികൾ തീരുമാനിക്കേണ്ട; മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് കെസിബിസി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തതിനെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കെ സി ബി സി. പ്രസ്താവന അപക്വമെന്നും ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ലെന്നും കെ സി ബി സി വക്താവ് ഫാ. ജേക്കബ് പാലക്കപ്പള്ളി പറഞ്ഞു. ഭരണഘടനയെ മാനിക്കാത്തതിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട വ്യക്തിയാണ് സജി ചെറിയാൻ. സമൂഹത്തിൽ ഉന്നതരായ ആളുകളെ കുറിച്ച് പരാമർശിക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ ഒരു നിഘണ്ടു ഉണ്ട്. അത് ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ മിതത്വം പാലിക്കണം. ക്രൈസ്തവർ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് മറ്റു രാഷ്ട്രീയപ്പാർട്ടികൾ തീരുമാനിക്കേണ്ടെന്നും പങ്കെടുത്തത് രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിലാണെന്നും അതിനോട് നിഷേധാത്മക നിലപാട് സ്വീകരിക്കേണ്ട കാര്യം കെ സി ബി സി ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതു മുന്നണിയിലെ ചിലർ ക്രൈസ്തവ സമൂഹത്തോട് അസഹിഷ്ണുതയുള്ളവരാണ്. കെ സി ബി സി ആസ്ഥാനത്ത് ഒരു ക്രിസ്തുമസ് വിരുന്ന് നടന്നിരുന്നു. അതിൽ ഉന്നതരായ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തിരുന്നു. അതിനെതിരെ മുൻ മന്ത്രി കെ ടി ജലീലും രംഗത്ത് വന്നിരുന്നു. ഇതൊന്നും ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ലെന്നും കെ സി ബി സി വക്താവ് പറഞ്ഞു. ബിജെപി വിരുന്ന് നൽകിയപ്പോൾ ബിഷപ്പുമാർ മണിപ്പുരിനെ മറന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം സജി ചെറിയാൻ പറഞ്ഞത്. രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ വികസനയാത്രയിൽ ചേർത്ത് നിർത്താനുള്ള ശ്രമങ്ങളെ ഇടത് വലതു മുന്നണികൾ ശക്തമായി എതിർക്കുന്നതിനിടയിലാണ് മന്ത്രി സജി ചെറിയാനും ഇടതു മുന്നണിക്കുമെതിരെ കെ സി ബി സി രംഗത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്.

Related Articles

Latest Articles