Friday, May 10, 2024
spot_img

കുടിയേറ്റ നിയമം കർശനമാക്കി ഫ്രാൻസ്, പ്രതിഷേധിച്ച് ആരോഗ്യമന്ത്രി രാജിക്കൊരുങ്ങി, പിന്തിരിപ്പൻ നയമെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ

ഫ്രാൻസ്- മാസങ്ങൾ നീണ്ട രാഷ്ട്രീയ തർക്കങ്ങൾക്കൊടുവിൽ ഫ്രാൻസിൻ്റെ കുടിയേറ്റ നയം കർശനമാക്കുന്ന നിയമം ഫ്രഞ്ച് പാർലമെൻ്റ് പാസാക്കി. ഭേദഗതി വരുത്തിയ ബില്ലിനെ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ മദ്ധ്യപക്ഷ നവോത്ഥാന പാർട്ടിയും മറൈൻ ലെ പെന്നിൻ്റെ തീവ്ര വലതുപക്ഷ ദേശീയ റാലിയും പിന്തുണച്ചു. ഇതിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി ഔറേലിയൻ റൂസോ താൻ രാജിവയ്ക്കാൻ പോകുകയാണെന്നും പ്രഖ്യാപിച്ചു. മാക്രോൺ തീവ്ര വലതുപക്ഷത്തിന് ഇളവ് നൽകിയെന്ന് ഇടതുപക്ഷ പാർട്ടികൾ ആരോപിച്ചു.

ദേശീയ റാലിയും ഇടതുപക്ഷവും കഴിഞ്ഞയാഴ്ച പാർലമെൻ്റ് മുൻ ഡ്രാഫ്റ്റ് നിരസിച്ചിരുന്നു. ഇതിന് മറുപടിയായി സർക്കാർ ബിൽ പുനരാവിഷ്‌ക്കരിച്ചു, അതിലെ ചില വ്യവസ്ഥകൾ കർശനമാക്കുകയും ചെയ്തു. പുതിയ നിയമനിർമ്മാണം കുടിയേറ്റക്കാർക്ക് കുടുംബാംഗങ്ങളെ ഫ്രാൻസിലേക്ക് കൊണ്ടുവരുന്നത് കൂടുതൽ പ്രയാസകരമാക്കുകയും, ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാലതാമസം വരുത്തുകയും ചെയ്യും എന്നാണ് പ്രധാന പരാതി. പ്രായപൂർത്തിയാകാത്ത കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിൽ തടങ്കലിൽ വയ്ക്കുന്നതും ഇത് നിരോധിച്ചിരിക്കുന്നു.

ആനുകൂല്യങ്ങൾക്കുള്ള യോഗ്യത നിർണയിക്കുന്നതിൽ, ഒരു വിവാദ വ്യവസ്ഥ പൗരന്മാർക്കും കുടിയേറ്റക്കാർക്കും, നിയമപരമായി രാജ്യത്ത് താമസിക്കുന്നവർക്കുമിടയിൽ വിവേചനം കാണിക്കുന്നെന്നും പരാതിയുണ്ട്. 27 അംഗരാജ്യങ്ങളിലുടനീളമുള്ള അഭയ സംവിധാനം പരിഷ്കരിക്കാനുള്ള യൂറോപ്യൻ യൂണിയൻ കരാറിന് മണിക്കൂറുകൾക്ക് മുമ്പാണ് ഫ്രഞ്ച് വോട്ടെടുപ്പ് നടന്നത്.

യൂറോപ്യൻ യൂണിയൻ സർക്കാരുകളും യൂറോപ്യൻ പാർലമെൻ്റ് അംഗങ്ങളും അംഗീകരിച്ച പുതിയ ഉടമ്പടിയിൽ അതിർത്തി തടങ്കൽ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതും നിരസിക്കപ്പെട്ട അഭയാർഥികളെ വേഗത്തിൽ നാടുകടത്തുന്നതും ഉൾപ്പെടുന്നു. വോട്ടെടുപ്പിന് ശേഷം സംസാരിക്കവെ, നിയമത്തിലെ ചില നടപടികൾ ഭരണഘടനാപരമായിരിക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.

പിന്തിരിപ്പൻ ഇമിഗ്രേഷൻ നിയമണിതെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ പുതിയ പരിഷ്കരണത്തെ അപലപിച്ചു. 2022 ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ മാക്രോണിൻ്റെ പാർട്ടിക്ക് പാർലമെൻ്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അതിനുശേഷം, പാർലമെൻ്റിൽ വോട്ട് നേടാൻ സർക്കാരിന് പലപ്പോഴും കഴിഞ്ഞില്ല.

Related Articles

Latest Articles