തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനില്‍ വന്‍ ക്രമക്കേട്. കാലാവധി കഴിഞ്ഞ സ്‌റ്റോക്കിന്‍റെ പട്ടികയിലേക്ക് പുതിയ മദ്യം മാറ്റിയ ശേഷം ബാറുകള്‍ക്ക് നല്‍കിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഓഡിറ്റ് റിപ്പോര്‍ട്ട് പിന്നീട് പൂഴ്ത്തിയതായാണ് വിവരം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് ബാലരാമപുരം വെയര്‍ഹൗസില്‍ ബിവറേജ്‌സ് നെടുമങ്ങാട് ജില്ലാ ഓഡിറ്റ് സംഘം മിന്നല്‍ പരിശോധന നടത്തുകയും പരിശോധനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തുകയുമായിരുന്നു.
വെയര്‍ഹൗസില്‍ വന്ന വിലകുറഞ്ഞ മദ്യം ഒന്‍പത് വര്‍ഷം മുന്‍പ് പൂട്ടിയ പാപ്പനംകോട് ഔട്ട്‌ലെറ്റിന്‍റെ കാലാവധി കഴിഞ്ഞ സ്‌റ്റോക്ക് പട്ടികയിലേക്ക് മാറ്റി. പിന്നീട് ഡെഡ് സ്റ്റോക്കില്‍ നിന്ന് ഈ മദ്യത്തിന്‍റെ 144 കെയ്‌സുകള്‍ രണ്ട് ഘട്ടത്തിലായി വിവിധ ബാറുകള്‍ക്ക് അനുവദിക്കുകയായിരുന്നു. ബാറുകളുടെ ആവശ്യത്തിനും കൂടുതല്‍ കെയ്‌സുകള്‍ നല്‍കിയതായും കണ്ടെത്തി.
ബാലരാമപുരം വെയര്‍ഹൗസില്‍ കണ്ടെത്തിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ട് പിന്നീട് ഹെഡ് ഓഫീസിലെ ഓഡിറ്റ് വിഭാഗത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല ക്രമക്കേട് കണ്ടെത്തിയ സമയത്തെ വെയര്‍ഹൗസ് മാനേജരടക്കമുള്ള ജീവനക്കാരുടെ മേല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കൂടുതല്‍ ആളുകള്‍ ആവശ്യപ്പെടുന്ന വില കുറഞ്ഞ ബ്രാന്‍ഡുകള്‍ അനധികൃതമായി ബാറുകള്‍ക്ക് നല്‍കാനായുള്ള നടപടിയാണെന്നാണ് ഓഡിറ്റ് സംഘം ഇതിനെ വിലയിരുത്തിയത്.

