കൊച്ചി: കേരളത്തിൽ കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. 170 രൂപയും കടന്ന് കോഴിവില കുതിക്കുകയാണ് ഇപ്പോൾ. കോഴിയിറച്ചിക്ക് വില കുത്തനെ കൂടിയതോടെ ചിക്കന്‍ വിഭവങ്ങളും തൊട്ടാല്‍ കൈ പൊള്ളുന്ന സ്ഥിതിയിലാണ്. കോഴിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകൾ പൂട്ടുന്നതിന് കാരണമായി എന്നും കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇവയ്ക്കുള്ള തീറ്റയുടെ വിലയും കൂടിയതും ചിക്കന് വില കൂടാന്‍ കാരണമായിയെന്നും വ്യാപാരികള്‍ പറയുന്നു. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കൂടാതെ കോഴിയിറച്ചി വില വർധിച്ചതോടെ വിൽപനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാർ പറയുന്നുണ്ട്
സാധാരണ ചൂടു കൂടുന്ന മാര്‍ച്ച് മാസത്തില്‍ കോഴിയിറച്ചിക്ക് വില കുറയാറാണ് പതിവെങ്കിലും ഇത്തവണ വില കുതിക്കുകയാണ്. ഇങ്ങനെ പോയാല്‍ ചിക്കന്‍ വില ഇരട്ട സെഞ്ച്വറി കടുക്കുമോ എന്നാണ് ആശങ്കയുണ്ടാക്കുന്നത്.
എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. 1500 രൂപയ്ക്കുള്ളില്‍ കിട്ടിയിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ ചാക്കൊന്നിന് 2500 രൂപ അടുക്കാറായി. കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി. 12-15 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോള്‍ 40 രൂപയിലേറെ നല്‍കണം. അതേസമയം ചിക്കന് വില കൂടിയതോടെ ഇറച്ചി വിഭവങ്ങള്‍ക്ക് വില കൂടുമോ എന്ന ആശങ്കയിലാണ് ജനങ്ങളും. വില ഇങ്ങനെ കുതിച്ച് കയറിയാല്‍ ചിക്കന്‍ വിഭവങ്ങള്‍ക്കും വില കൂടും.

