Saturday, May 4, 2024
spot_img

പ്രകൃതിദുരന്തം- നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തില്‍ എത്തി

കൊച്ചി- 2019 ലെ പ്രളയം മൂലവും ഉരുൾപൊട്ടൽ മൂലവും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ വിലയിരുത്തുവാനുള്ള കേന്ദ്ര സംഘം കൊച്ചിയിലെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ശ്രീപ്രകാശിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘ മാണ് കൊച്ചിയിലെത്തിയത്. സംസ്ഥാനത്തെ പ്രതിനിധീകരിച്ചു സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ ഡോ:വി. വേണു കേന്ദ്ര മാനദണ്ഡ പ്രകാരം തയ്യാറാക്കിയ 2101.9 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടം കേന്ദ്ര സംഘത്തിന് സമർപ്പിച്ചു.

അടുത്തടുത്ത വർഷങ്ങളിൽ അതിതീവ്ര മഴ മൂലമുള്ള ദുരന്തം 68 വർഷത്തിനിടയിൽ ആദ്യമായാണ് കേരളം നേരിടുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി കേന്ദ്ര സംഘത്തെ അറിയിച്ചു. ആയതിനാൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്‍റെ ഈവർഷത്തെ മെമ്മോറാണ്ടത്തിന് പ്രത്യേക പരിഗണന നൽകണമെന്ന് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടു.

2018 ലെ പ്രളയത്തിന്‍റെ ആഘാതത്തിൽ നിന്ന് കരകയറി വന്നുകൊണ്ടിരുന്ന കേരള സമൂഹത്തിന് 2019 ലെ പ്രളയം വലിയ തിരിച്ചടിയാണ് നൽകിയത്. കവളപ്പാറയിലെയും പുതുമലയിലെയും രണ്ട് വലിയ ഉരുൾ പൊട്ടലിൽ കേരളത്തിന് നഷ്ടമായത് 76 വിലപ്പെട്ട ജീവനുകളാണ്. 31000 ഹെക്‌ടർ സ്ഥലത്തെ കൃഷിയാണ് കേരളത്തിൽ നഷ്ടപെട്ടത്. കേന്ദ്ര മാനദണ്ഡ പ്രകാരം തന്നെ 41 കോടി രൂപയുടെ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. ജലസേചന മേഖലയിൽ 116കോടിയുടെ നഷ്ട്ടവും, വൈദ്യുത മേഖലയിൽ 103 കോടി രൂപയുടെ നഷ്ട്ടവും, പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും 205 കോടി രൂപയുടെ നഷ്ടവും, തദ്ദേശ സ്ഥാപങ്ങളുടെ കീഴിലുള്ള നിർമ്മിതികൾക്ക് 170 കോടി രൂപയുടെ നഷ്ടവും കണക്കാക്കിയിട്ടുണ്ട്.

അടിയന്തിര സഹായമായി 316 കോടി രൂപയും, ക്യാമ്പുകളുടെയും മറ്റും നടത്തിപ്പിന് 265 കോടി രൂപയും, വീടുകളുടെ നാശനഷ്ടത്തിന് 748 കോടി രൂപയും കേന്ദ്ര മാനദണ്ഡ പ്രകാരം നാശ നഷ്ടമായി കണക്കാക്കി നൽകിയിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നി ജില്ലകളിലും പര്യടനം നടത്തുന്ന കേന്ദ്ര സംഘം 20 ന് തിരുവന്തപുരത്ത് മുഖ്യ മന്ത്രി,റവന്യൂ-ദുരന്ത നിവാരണ വകുപ്പ് മന്ത്രി എന്നിവരെ സന്ദർശിച്ച് മടങ്ങും.

Related Articles

Latest Articles