Sunday, May 5, 2024
spot_img

മുല്ലപ്പെരിയാർ: ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി കേരളം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുക. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച അഞ്ച് അംഗ തമിഴ്നാട് മന്ത്രിതല സംഘം അറിയിച്ചിരുന്നത്.

മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിന് നന്ദി അറിയിച്ച് മുഖ്യന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചു. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്ന് തമിഴ്‌നാട് അറിയിച്ചു. ഡാം ബലപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. ഡാമിന് താഴെയുള്ള കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം അതേ സമയം മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ അനുവദിച്ച തമിഴ്നാട് സർക്കാരിനെതിരെ തമിഴ്നാട്ടിൽ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ പ്രതിഷേധം ശക്തമാക്കി. സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അതിനും മുൻപേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെയാണ് അണ്ണാ ഡിഎംകെ നേതാവും മുൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീർ സെൽവം രംഗത്ത് എത്തിയത്.

Related Articles

Latest Articles