Monday, April 29, 2024
spot_img

കലണ്ടറിലും, ഡയറിയിലും വരെ വന്‍അഴിമതി; ആയിരക്കണക്കിന് സര്‍ക്കാര്‍ കലണ്ടറും, ഡയറിയും കാണ്മാനില്ല

തിരുവനന്തപുരം: 2021ലെ സർക്കാർ ഡയറിയും കലണ്ടറും അച്ചടിച്ചതിൽ വൻ ക്രമക്കേടെന്ന് ആക്ഷേപം ഉയരുന്നു. അച്ചടിച്ചതിൽ 40000 കലണ്ടറും 2500 ഡയറിയും കാണാനില്ലെന്നാണ് പരാതി. ഈ വർഷത്തേക്ക് ആദ്യ ഘട്ടത്തിൽ നാല് ലക്ഷം കലണ്ടറുകളാണ് അച്ചടിച്ചത്. പിന്നാലെ 10000ഉം, തുടർന്ന് 40000ഉം കലണ്ടർ കൂടി അച്ചടിക്കുന്നതിന് അച്ചടി വകുപ്പിന്റെ അപേക്ഷ പ്രകാരം സർക്കാർ അനുമതി നൽകി. ആദ്യം അച്ചടിച്ചതിൽ നിന്ന് നാല്പതിനായിരം കലണ്ടർ ചില ഉദ്യോഗസ്ഥർ കടത്തി പുറത്ത് കൊണ്ട് പോയി വിൽപ്പന നടത്തിയതായാണ് ആക്ഷേപമുയരുന്നത്. അതേസമയം പുതുവർഷം ഒരു മാസം പിന്നിട്ടിട്ടും അച്ചടി പൂർത്തിയായിട്ടുമില്ല.

കഴിഞ്ഞ വർഷം വരെ വാഴൂർ, മണ്ണന്തല ഗവൺമെന്റ് പ്രസ്സുകളിലായിരുന്നു കലണ്ടറുകൾ അച്ചടിച്ചിരുന്നത്. ഈ വർഷം മണ്ണന്തല പ്രസിൽ മാത്രം 4.5 ലക്ഷം കലണ്ടറും അച്ചടിച്ചതിലും ദുരൂഹതയുണ്ട്. നികുതികൾ ഉൾപ്പെടെ കലണ്ടർ ഒന്നിന് 30.30 രൂപയാണ് വില. 4,000 അധികം കലണ്ടർ അച്ചടിക്കുന്നതിന് 12 ലക്ഷത്തിലേറെ രൂപയുടെ അധികച്ചെലവാണ് സർക്കാരിന് വരുന്നത്. ആകെ1,10,000 സർക്കാർ ഡയറികളാണ് അച്ചടിക്കേണ്ടത്. ഒരു ലക്ഷം ഡയറികൾ ഇംഗ്ലീഷിലും 10,000 എണ്ണം മലയാളത്തിലും. ഇതിൽ മലയാളത്തിലേത് ഷൊർണൂരിലെയും, ഇംഗ്ലീഷിലേത് മണ്ണന്തലയിലെയും പ്രസിലാണ് അച്ചടിക്കുന്നത്.

എന്നാല്‍ ആദ്യ ഘട്ടത്തിൽ അച്ചടിച്ച 50,000 ഡയറികളിൽ 2,500 എണ്ണമാണ് കാണാതായത്. നികുതികളുൾപ്പടെ 215 രൂപയാണ് ‌ഡയറിയുടെ വില. രഹസ്യാന്വേഷണം പൂട്ടിക്കെട്ടി കലണ്ടറുകൾ പുറത്തേക്ക് കടത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് അച്ചടി വകുപ്പ് ഡയറക്ടർ രഹസ്യമായി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സെൻട്രൽ പ്രസിലെ സ്റ്റോക്ക് ആൻഡ് സ്റ്റോർ ഡെപ്യൂട്ടി സൂപ്രണ്ടും, വെയർ ഹൗസ്മാനും, കമ്പ്യൂട്ടിംഗ് വിഭാഗത്തിലെ രണ്ട് ജീവനക്കാരും ഉൾപ്പെട്ടതാണ് കമ്മീഷൻ. എന്നാല്‍ ആവശ്യപ്പെട്ട രേഖകൾ ഉദ്യോഗസ്ഥർ നൽകാത്തതിനാൽ അന്വേഷണം പാതി വഴിയിൽ നിലക്കുകയായിരുന്നു.

Related Articles

Latest Articles