Sunday, April 28, 2024
spot_img

ഓൺലൈൻ റമ്മികളി: അജു വർഗീസിനും തമന്നക്കും പണി കിട്ടി; താരങ്ങൾ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: ഓൺലൈൻ റമ്മി കളി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിൽ ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ബ്രാൻഡ് അംബാസഡര്‍മാരായ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി, നടി തമന്ന, നടൻ അജു വര്‍ഗീസ് എന്നിവര്‍ക്കാണ് കോടതിയുടെ നോട്ടീസ്. തൃശൂര്‍ സ്വദേശി പോളി വടക്കനു വേണ്ടി അഭിഭാഷകൻ ജോമി കെ. ജോസാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഓണ്‍ലൈന്‍ റമ്മി നടത്തുന്ന സ്ഥാപനങ്ങളെയും സര്‍ക്കാരിനെയും ഐടി വകുപ്പിനെയും ടെലികോം റെഗുലേറ്ററി അതോറിറ്റിയെയും കേസിൽ കക്ഷികളാക്കിയിട്ടുണ്ട്.

ഓൺലൈൻ റമ്മി കളി ചൂതാട്ടത്തിൻ്റെ പരിധിയിലാണ് വരുന്നതെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരൻ കോടതിയെ സമീപിച്ചത്. ഓൺലൈൻ റമ്മി കളി നിയന്ത്രിക്കാൻ സംസ്ഥാന സര്‍ക്കാരിൻ്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകുന്നില്ലെന്നും ഇത് നിരോധിക്കാനായി കോടതി ഇടപെടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

ഓണ്‍ലൈന്‍ റമ്മി കളിച്ച് 22 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് മരിച്ച സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാണു പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചത്. കേരളാ ഗെയിമിങ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാര്‍ഹമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഓണ്‍ലൈനിലും മറ്റും ഇതിനു നിയന്ത്രണമില്ല. സംസ്ഥാന സര്‍ക്കാരാണ് ഇതിനെതിരെ നിയമം നിര്‍മിക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങള്‍ ഇത്തരം മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. കേരളത്തില്‍ 1960ലെ നിയമമുണ്ട്‌. പക്ഷേ നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്‌.

Related Articles

Latest Articles