Friday, April 26, 2024
spot_img

ഗവർണറെ വെല്ലുവിളിച്ച് വീരവാദം മുഴക്കിയ സർക്കാരിന് കനത്ത തിരിച്ചടി; കുഫോസ് വിസി നിയമനം റദ്ദാക്കി ഹൈക്കോടതി; പുതിയ വി സിയെ നിയമിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് കോടതി; നോട്ടീസ് ലഭിച്ച വി സിമാർ നടത്തുന്ന നിയമ നടപടികൾ അപ്രസക്തമായി

എറണാകുളം: യു ജി സി മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കുഫോസ് വിസി നിയമനം റദ്ദാക്കി ഹൈക്കോടതി. ഇതേ കാരണത്താൽ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വി സിമാരിൽ ഒരാളാണ് കേരളാ ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലാ വി സിയായ ഡോ. റെജി കെ ജോൺ. അതുകൊണ്ട് തന്നെ ഇത് ഗവർണർക്കെതിരെ പോരടിച്ചു നിൽക്കുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും കനത്ത തിരിച്ചടിയാണ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്. സർക്കാർ നിർദ്ദേശപ്രകാരം ഗവർണർക്കെതിരെ സിംഗിൾ ബെഞ്ചിൽ പുറത്താക്കൽ ഭീഷണി നേരിടുന്ന വി സിമാർ നടത്തുന്ന നിയമ നടപടികൾ ഇതോടെ അപ്രസക്തമാകുകയാണ്. വി സിയായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് 10 വർഷത്തെ അദ്ധ്യയന പരിചയം വേണം. എന്നാൽ ഡോ. റെജി കെ ജോണിൻറെ 3 വർഷത്തെ ഗവേഷണ കാലയളവ് കൂടി നിയമനത്തിന് പരിഗണിച്ചെന്നും ഇത് യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ആരോപിച്ച് സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലാണ് കോടതി വിധി. ഡോ. റെജി കെ ജോണിനെ പുറത്താക്കി പുതിയ വി സിയെ നിയമിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് ചാൻസിലർക്ക് കടക്കാമെന്നും വിധിയിൽ പറയുന്നു.

സാങ്കേതിക സർവ്വകലാശാല വി സിയെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി മറ്റ് വി സിമാർക്ക് ബാധകമല്ലെന്നും ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നുമായിരുന്നു സർക്കാർ നിലപാട്. പക്ഷെ സുപ്രീം കോടതി വിധി എല്ലാ വിസി നിയമങ്ങൾക്കും ബാധകമാണ് എന്ന് തന്നെയാണ് ഇന്ന് ഹൈക്കോടതി വിധിപറഞ്ഞത്. കാർഷിക വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്നും യു ജി സി മാനദണ്ഡങ്ങൾ അതുകൊണ്ടുതന്നെ കുഫോസ് വി സിയുടെ കാര്യത്തിൽ ബാധകമല്ലെന്നുമുള്ള വിചിത്ര വാദമാണ് സർക്കാർ കോടതിയിൽ ഉയർത്തിയത്.

ഈ വാദം കോടതി തള്ളിയതോടെ സർക്കാർ ഗവർണർക്കെതിരെ ഉയർത്തിയ ആയുധത്തിന്റെ മൂർച്ച കുറഞ്ഞു. ഗവർണർക്കെതിരെ എൽ ഡി എഫ് പ്രതിഷേധം ശക്തമാക്കുകയും ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ് അംഗീകരിക്കുകയും ചെയ്ത നിർണ്ണായക സമയത്താണ് സർക്കാരിന് കനത്ത തിരിച്ചടിയായി കോടതി വിധി പറഞ്ഞിരിക്കുന്നത്.

Related Articles

Latest Articles