എറണാകുളം: മാസപ്പടിക്കേസിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി. കേസിൽ വിശദമായ വാദം കേൾക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയക്കും. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് വിധി. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ.ബാബുവാണ് വിധി പറഞ്ഞത്.
വിജിലൻസ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അറിയിച്ചിരുന്നു. കേസിൽ തെളിവില്ലെന്ന വിജിലൻസ് കോടതി കണ്ടെത്തൽ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്നതിന് സാക്ഷിമൊഴികൾ ഉള്ള സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.
ഹർജിക്കാരനായ ഗിരീഷ് ബാബുവിൻ്റെ മരണത്തെ തുടർന്നാണ് കേസിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കരിമണൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.

