Wednesday, May 8, 2024
spot_img

ബിജെപി ബന്ധമുള്ള പാർട്ടി മുന്നണിയിൽ വേണ്ടെന്ന് സിപിഎം; ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടും വെട്ടിലായി ജെ ഡി എസ് സംസ്ഥാന ഘടകം; നിതീഷിനൊപ്പം നിൽക്കണമെന്ന് ഒരു വിഭാഗം; കേരളത്തിൽ ദൾ വീണ്ടും പിളർക്കുമോ ?

തിരുവനന്തപുരം: കർണ്ണാടകയിൽ എൻ ഡി എ മുന്നണിയിൽ ചേരാൻ ജെ ഡി എസ് തീരുമാനിച്ചതോടെ അങ്കലാപ്പിലായത് പാർട്ടിയുടെ കേരള ഘടകം. ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെഡിഎസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സിപിഎം. കേരളം ഭരിക്കുന്നത് എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സിപിഎം. ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പ്രശ്ന പരിഹാരത്തിന് ജെ.ഡി.എസ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരള ജെഡിഎസ് ഒരിക്കലും എൻഡിഎയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് വ്യക്തമാക്കി.

ഇതിനു മുന്നേയും ജെ ഡി എസിന്റെ ദേശീയ നേതൃത്വം ബിജെപിമുന്നണിയുടെ ഭാഗമായിട്ടുണ്ട്. കർണ്ണാടകയിൽ ഇരുകക്ഷികളും ഒരുമിച്ച് ഭരണം നടത്തുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം അങ്കലാപ്പിലാകുന്നത് പാർട്ടിയുടെ കേരളാ ഘടകമാണ്. കർണ്ണാടകയിലും ദേശീയതലത്തിലും എൻ ഡി എ യുടെ ഭാഗമായി തീർന്ന ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ച് കേരളാ ജെ ഡി എസ് നേതാക്കൾ പത്രസമ്മേളനം നടത്തിയിരുന്നു. എന്നിട്ടും സിപിഎം നേതൃത്വം തൃപ്തരായിട്ടില്ല. ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടും എൽ ഡി എഫിൽ നിന്ന് പാർട്ടി പുറത്തുപോകേണ്ട അവസ്ഥയിലാണ്. ബിജെപി മുന്നണിവിട്ട് നിൽക്കുന്ന നിതീഷ് കുമാറിനൊപ്പം പോകണമെന്ന അഭിപ്രായം ചില സംസ്ഥാന നേതാക്കൾക്കുണ്ട്. പക്ഷെ പലപ്രാവശ്യം ബിജെപിയുമായി സഖ്യമുണ്ടാക്കിയിട്ടുള്ള നിതീഷിനെ എങ്ങനെ വിശ്വസിക്കുമെന്ന ധർമ്മ സങ്കടത്തിലുമാണവർ.

Related Articles

Latest Articles