Thursday, May 16, 2024
spot_img

നിയമലംഘനം നടത്തുന്ന യാത്രക്കാർക്ക് കർശന നടപടി; സിഗ്നല്‍ തെറ്റിച്ചാല്‍ മാത്രമല്ല, ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും ലൈസന്‍സ് റദ്ദാക്കും: മോട്ടോര്‍ വകുപ്പ്

എറണാകുളം: വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധനകളും നടപടികളും വീണ്ടും ശക്തമാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഉദ്യോഗസ്ഥര്‍ പരിശോധിക്കാനൊരുങ്ങുമ്പോള്‍ വാഹനം നിര്‍ത്താതെ പോവുക ഉള്‍പ്പടെ ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കം നടപടികൾ എടുക്കാനാണ് അധികൃതരുടെ തീരുമാനം.

ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുക, ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നുപേര്‍ സഞ്ചരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, സിഗ്നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക എന്നിവയ്ക്ക് ഇതോടെ കര്‍ശന നടപടിയാകും ഉണ്ടാകുന്നത്.

ഉദ്യോഗസ്ഥര്‍ പരിശോധിക്കാനൊരുങ്ങുമ്പോള്‍ വാഹനം നിര്‍ത്താതെ പോവുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ച്‌ ഡ്രൈവ് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും ലൈസന്‍സ് മരവിപ്പിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. നിലവില്‍ ഇവയ്‌ക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. ഇതു സംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

മഴക്കാലത്ത് വാഹനാപകടങ്ങള്‍ കൂടാനുള്ള സാഹചര്യംകൂടി പരി​ഗണിച്ചാണ് നടപടി. പിഴയടച്ചതിനു ശേഷം ഇതേ നിയമലംഘനം ആവര്‍ത്തിക്കുന്നവരെയും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരില്‍ പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവമുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്.

Related Articles

Latest Articles