Tuesday, May 7, 2024
spot_img

കേരളത്തിന് ഫ്‌ളഡ് കൺട്രോൾ അണക്കെട്ടുകൾ വേണമെന്ന് വൈദ്യുതി മന്ത്രി; വൈദ്യുതി ബോർഡിന് വലിയ നഷ്ടം ഉണ്ടായിട്ടും ഡാമുകൾ തുറന്നത് ജനസുരക്ഷ കണക്കിലെടുത്ത്

പാലക്കാട്: ഫ്‌ളഡ് കൺട്രോൾ അണക്കെട്ടുകൾ നിർമിക്കണമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അനുഭവങ്ങൾ പരിശോധിക്കുമ്പോൾ കേരളത്തിന് ഏറ്റവും നല്ലത് അതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അണക്കെട്ടുകൾ തുറന്ന സാഹചര്യത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുതോണി ഡാം മുൻകരുതലെടുത്താണ് തുറന്നത്. പെരിയാർ പുഴയുടെ അളവ് നോക്കിയാൽ അപകടനില 12 മീറ്ററാണ്. ഇപ്പോൾ 3.6 മീറ്ററേ ഉളളൂ. എന്നാൽ മുൻകരുതൽ എന്ന നിലയ്‌ക്കാണ് അണക്കെട്ട് തുറന്നത്. അത് വൈദ്യുതി ബോർഡിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. എന്നാലും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി വിശദീകരിച്ചു.

ഇടമലയാറിലെ സംഭരണ ശേഷി 169 മീറ്റർ ആണ്. ഇപ്പോഴത്തെ ലെവൽ 162.17 എത്തി. അതായത് 80.68 ശതമാനം. 20 മണിക്കൂർ കഴിഞ്ഞാൽ ഇതും ചെറിയ തോതിൽ തുറക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്‌സ് ജലമാണ് ഒഴുക്കുന്നത്.

കക്കി-ആനത്തോട് അണക്കെട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കക്കി-ആനത്തോട് അണക്കെട്ടിൽ ആവശ്യമെങ്കിൽ നാളെ രാവിലെ നിയന്ത്രിതമായ രീതിയിൽ കുറഞ്ഞ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് മുന്നറിയിപ്പുണ്ട്. റൂൾ ലെവൽ നിരീക്ഷണ സമിതി യോഗം ചേർന്നാകും തീരുമാനമെടുക്കുക. പമ്പ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചൽ വാലി, കണമല, അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറൻമുള, ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻ വണ്ടൂർ കടപ്ര, നിരണം മേഖലയിൽ പമ്പാ നദീ തീരത്ത് ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് 773.50 മീറ്റർ ആയതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിൽ ജലനിരപ്പ് എത്തിയാൽ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles