Friday, April 26, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 32 അതിർത്തി സംഘർഷങ്ങളും സംസ്ഥാന വിഭജനങ്ങളും പാർലമെൻ്റ് ആക്രമണവും നേരിട്ട വാജ്‌പേയ് സർക്കാർ സി. പി. കുട്ടനാടൻ

പുതിയ നൂറ്റാണ്ടിലേയ്ക്ക് കടന്ന ലോകത്തിന് മുമ്പിൽ ഇന്ത്യൻ ജനാധിപത്യത്തെ പ്രതിനിധീകരിയ്ക്കുന്നത് ബിജെപിയായിരുന്നു. ഈ കാലയളവിലെല്ലാം തന്നെ ചെറുതും വലുതുമായ ഇസ്ലാമിക ഭീകരവാദി ഏറ്റുമുട്ടലുകൾ കാശ്മീരിലും പരിസരത്തും ഇന്ത്യ നേരിട്ടുകൊണ്ടിരുന്നു. ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്തതിന് പിന്നിൽ പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ജനുവരി 3ന് പ്രഖ്യാപിച്ചു. പാകിസ്ഥാനെ തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം നടത്തിയ പ്രസ്താവനയിലുണ്ടായിരുന്നു. മാത്രമല്ല വിമാന റാഞ്ചൽ നാടകം സംഘടിപ്പിച്ചവർക്കെതിരെ നടപടിയും ആരംഭിച്ചു. പലരും അറസ്റ്റിലായി.

കഴിഞ്ഞ വർഷം നടന്ന യുദ്ധത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ദ്ധ സൈനിക സമിതിയുടെ പഠന റിപ്പോർട്ട് ഫെബ്രുവരി 24ന് സർക്കാരിന് ലഭിച്ചു. ഇതിനെ സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്. ഈ കമ്മിറ്റി ചില ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ദേശീയ സുരക്ഷ തന്നെ പുനഃപരിശോധിക്കാൻ ഭരണകൂടം ഉത്തരവിട്ടു. സൈന്യത്തിൻ്റെ പ്രായം കുറയ്ക്കാനുള്ള നടപടിയെടുക്കണം എന്നുള്ള നിർദ്ദേശം ഇതിലുണ്ടായിരുന്നു.

ഇന്ത്യയിലെ ടെലികോം രംഗം വിപുലമാക്കുവാനുള്ള കാര്യക്ഷമമായ പ്രവർത്തനം നടത്തിയത് അടൽജിയുടെ സർക്കാർ ആയിരുന്നു. അക്കാലത്ത് ലാൻഡ് ലൈൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെയുള്ള ബിഎസ്എൻഎൽ കണക്ഷൻ കിട്ടുവാനായിത്തന്നെ വളരെയധികം നിയമ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനെ ലഘൂകരിച്ചുകൊണ്ട് ജൂൺ മാസത്തിലെ രണ്ടാം വാരത്തിൽ 320,000 സർക്കാർ ജീവനക്കാർക്ക് സൗജന്യ ടെലിഫോൺ നൽകാനുള്ള നടപടിക്ക് പ്രധാനമന്ത്രി വാജ്‌പേയി അംഗീകാരം നൽകി. ഇതൊരു വലിയ മുന്നേറ്റമായിരുന്നു. രാജ്യത്തെ ആശയ വിനിമയ സംവിധാനം കൂടുതൽ മെച്ചപ്പെടാൻ ഇത് വഴിയൊരുക്കി.

പൊതുജനങ്ങൾ അയല്പക്കത്തെ ഫോൺ ഉപയോഗിച്ച് ബന്ധപ്പെടാൻ ആരംഭിച്ചു. പ്രവാസികളായവരൊക്കെ ഇത് പ്രയോജനപ്പെടുത്തി. പലരും തങ്ങളുടെ ഫോൺ നമ്പറുകളായി അയല്പക്കത്തെ നമ്പറുകൾ നൽകി PP എന്ന് എഴുതാൻ തുടങ്ങി. ഇതേ സമയം തന്നെ വിവരസാങ്കേതിക വിദ്യയിലേയ്ക്ക് നിക്ഷേപം നടത്തിക്കൊണ്ട് റിലയൻസ് കോർപ്പറേറ്റ് ഭീമൻ രംഗത്തെത്തി. റിലയൻസ് ഇൻഫോകോം എന്ന പുതിയ സബ്‌സിഡിയറി, മികച്ച 115 നഗരങ്ങളെ ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിന് ഫൈബർ – ഒപ്‌റ്റിക് കേബിളുകൾ സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു. ഇതൊക്കെ ഇന്ത്യയുടെ സാങ്കേതിക വളർച്ചയ്ക്ക് മുന്നേറ്റം നൽകി.

കശ്മീരിൻ്റെ 370 എടുത്തുകളയും എന്നത് ബിജെപിയുടെ പ്രാഗ്‌രൂപമായിരുന്ന ജനസംഘം മുതൽക്ക് സംഘപരിവാർ തുടരുന്ന നിലപാടാണ്. അത് ഈ സർക്കാരിൻ്റെ കാലഘട്ടത്തിൽ സംഭവിയ്ക്കും എന്ന് എല്ലാവരും കരുതി. അത് സംഭവിയ്ക്കും എന്ന് കുറഞ്ഞപക്ഷം കശ്മീർ രാഷ്ട്രീയക്കാരും വിഘടനവാദികളും ആശങ്കപ്പെട്ടു. അതിനുള്ള ഉദാഹരണങ്ങൾ പലതായിരുന്നു. കാരണം ഇന്ത്യാ സർക്കാർ കാശ്മീരിനെ സംബന്ധിച്ചു സ്വീകരിയ്ക്കുന്ന ഏതു നിലപാടിനെയും ഇക്കൂട്ടർ എതിർത്തുപോന്നു. ജൂൺ അവസാനത്തോടെ ഇക്കാര്യത്തിൽ നിരവധി പ്രസ്താവനാ യുദ്ധങ്ങളും നടന്നു.

മറാത്ത വ്യാഘ്രം ബാലാസാഹിബ് താക്കറെയെ കോൺഗ്രസ്സ് മുഖ്യമന്ത്രിയായ വിലാസ്റാവു ദേശ്മുഖ് സർക്കാർ ജൂലൈ അവസാനത്തോടെ അറസ്റ്റ് ചെയ്തു. സാമുദായിക വിദ്വെഷം വളർത്തിക്കൊണ്ട് മുംബൈ നഗരത്തിലെ ബിസിനസുകൾ നിശ്ചലമാക്കുവാൻ ശിവസൈനികരെ പ്രേരിപ്പിച്ചു എന്നതായിരുന്നു കുറ്റം. ഇത് വലിയ ദേശീയ വാർത്തയായി. പക്ഷെ അറസ്റ്റിലായി മണിക്കൂറുകൾക്കകം അദ്ദേഹം മോചിതനായി.

2000 ജൂലൈ 30ന് കന്നഡ സിനിമാ നടൻ രാജ്‌കുമാറിനെയും മരുമകൻ ഗോവിന്ദരാജുവിനെയും മറ്റ് രണ്ടു പേരെയും ഗജാനൂരിലെ ഫാം ഹൗസിൽ നിന്ന് കുപ്രസിദ്ധ കൊള്ളക്കാരനായിരുന്ന വീരപ്പൻ തട്ടിക്കൊണ്ടു പോയി. ഇതൊരു വലിയ നാഷണൽ ന്യൂസായി. രാജ്‌കുമാറിൻ്റെ അടിയന്തര മോചനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ സംസ്ഥാനത്ത് അരങ്ങേറി. ജയിലിലടക്കപ്പെട്ടിരുന്ന തൻ്റെ സംഘാംഗങ്ങളുടെ വിടുതലടക്കമുള്ള ഒരു കൂട്ടം ആവശ്യങ്ങൾ രാജ്‌കുമാറിനെ മോചിപ്പിക്കുന്നതിനു പകരമായി വീരപ്പൻ ഉന്നയിച്ചു. കർണ്ണാടക -തമിഴ്‌നാട് സർക്കാരുകൾ വീരപ്പനുമായി മധ്യസ്ഥർ മുഖേനയുള്ള ഒത്തുതീർപ്പു ചർച്ചകൾക്കും തയ്യാറായി.

ആന്ധ്രപ്രദേശുകാരനായ ബംഗാരു ലക്ഷ്മൺ എന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവ് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി ഓഗസ്റ്റ് 1ന് തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ആഴ്ചയിൽ തന്നെ കശ്മീരിൽ മുസ്ലീം വിഘടനവാദികൾ 90 ഓളം ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. ഗ്രാമീണരായ പുരുഷന്മാരെ പിടിച്ചു നിറുത്തി അവരുടെ വസ്ത്രമഴിച്ചു പരിശോധിച്ചിട്ട് സുന്നത്ത് ചെയ്തവരെ മാറ്റി നിറുത്തി ബാക്കിയുള്ളവരെ കൊലചെയ്യുന്ന രീതിയായിരുന്നു ഈ കൂട്ടക്കൊലയിൽ ഇസ്ലാം അവലംബിച്ചത്. ഇതോടെ ബിജെപിയ്ക്കുള്ളിലും മുറുമുറുപ്പുകളുണ്ടായി. ബിജെപി ഭരിയ്ക്കുമ്പോഴും ഹിന്ദുക്കൾ കൊല്ലപ്പെടുന്ന അവസ്ഥ വന്നാൽ പിന്നെ എന്താണ് ചെയ്യാൻ സാധിയ്ക്കുക എന്ന വ്യക്തമായ ചോദ്യം ഉയർന്നുവന്നു.

കഴിഞ്ഞ രണ്ടു മാസങ്ങളായി ഇന്ത്യാ പാകിസ്ഥാൻ അതിർത്തി ശാന്തമായിരുന്നു. ഈ ശാന്തിയിലേയ്ക്ക് ഓഗസ്റ്റ് 24ന് പാകിസ്ഥാൻ അസ്വസ്ഥതയുമായി കടന്നു കയറി. ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ പട്ടാളക്കാർ 40 ഇന്ത്യൻ സൈനികരെ ആക്രമിച്ചു. ഇതേതുടർന്ന് തിരിച്ചടിച്ച ഇന്ത്യൻ സൈന്യം 10 പാകിസ്ഥാൻ സൈനികരെ വധിച്ചു. അതിർത്തി വീണ്ടും പുകയുന്ന സാഹചര്യം സൃഷ്ടിയ്ക്കപ്പെട്ടു.

വോട്ടിന് കോഴ നൽകിയ കേസിൽ കോൺഗ്രസ്സ് നേതാവും മുൻ പ്രധാനമന്ത്രിയുമായ പി.വി. നരസിംഹറാവുവിനെ ശിക്ഷിച്ചുകൊണ്ട് സെപ്റ്റംബർ 29ന് വിചാരണക്കോടതി ഉത്തരവിട്ടത് പത്രങ്ങളിലെ വലിയ തലക്കെട്ടായിമാറി. ഉയർന്ന പദവി നിയമപരമായ പരിരക്ഷ നൽകുന്നില്ല എന്നതിൻ്റെ ദൃഷ്ടാന്തമായി പൊതുജനം ഈ വാർത്തയെ വിലയിരുത്തി.

സമകാലിക രാഷ്ട്രീയത്തിൽ നമ്മൾ ഉയർന്നു കേൾക്കുന്ന സിപിഎമ്മിൻ്റെ ദേശീയ പാർട്ടി പദവി എന്ന സംഗതി ആദ്യമായി ഉയർന്നു വന്നത് ഈ സർക്കാരിൻ്റെ കാലഘട്ടത്തിലായിരുന്നു. 2000 സെപ്തംബർ 30ന് ഫെഡറൽ തലത്തിലെ മൂന്നാമത്തെ വലിയ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – മാർക്സിസ്റ്റ് (സിപിഐ-എം) ന് “ദേശീയ” പാർട്ടി എന്ന പദവി തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. സിപിഎമ്മിന് അവരുടെ അസ്തിത്വം നഷ്ടമാകുന്ന അവസ്ഥ ഇതോടെ സംജാതമായി. ഇതേതുടർന്ന് സിപിഎമ്മിൻ്റെ ദേശീയ നേതൃത്വം പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ സമീപിയ്ക്കുകയും സിപിഎമ്മിൻ്റെ ദേശീയ പാർട്ടി പദവി സംരക്ഷിയ്ക്കുവാനുള്ള നടപടി വാജ്പേയ്ജി സ്വീകരിയ്ക്കുകയും ചെയ്തു.

ഭരണ സൗകര്യാർത്ഥം വലിയ സംസ്ഥാനങ്ങളെ വിഭജിയ്ക്കുന്ന നടപടികൾ ഇക്കാലത്ത് നടന്നുവന്നു. വളരെക്കാലമായുള്ള ആവശ്യമായിരുന്നു മദ്ധ്യപ്രദേശിൻ്റെ വിഭജനം. അത് നവംബർ 1ന് ഔദ്യോഗികമായി നടപ്പാക്കി. അങ്ങനെ ഛത്തീസ്ഗഡ് എന്ന ഇന്ത്യയുടെ 26-ാമത്തെ സംസ്ഥാനം ജന്മമെടുത്തു. നവംബർ 9ന് ഉത്തർപ്രദേശിനെ വിഭജിച്ച് ഉത്തരാഞ്ചൽ എന്ന സംസ്ഥാനം (ഇപ്പോൾ ഉത്തരാഖണ്ഡ് എന്നറിയപ്പെടുന്നു), ഇന്ത്യയുടെ 27-ാമത്തെ സംസ്ഥാനമായി മാറി. നവംബർ 15ന് ബീഹാറിൽ നിന്ന് വിഭജിക്കപ്പെട്ട ജാർഖണ്ഡ് ഇന്ത്യയുടെ 28-ാമത്തെ സംസ്ഥാനമായി. ഇതേ ദിവസം തന്നെ കന്നഡ നടൻ രാജ്‌കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയ സംഭവത്തിലും തീരുമാനമായി. കർണ്ണാടക – തമിഴ്‌നാട് സർക്കാരുകൾ വീരപ്പനുമായി മധ്യസ്ഥർ മുഖേന നടത്തിയ ചർച്ചകൾക്ക് ശേഷം 108 ദിവസത്തെ വനവാസം പൂർത്തിയാക്കി 2000 നവംബർ 15ന് രാജ്‌കുമാർ വീരപ്പൻ്റെ പക്കൽ നിന്നും മോചിതനായി.

നവംബർ അവസാനത്തിൽ റംസാൻ മാസം വന്നെത്തി. ഈ കാലയളവിൽ മുസ്ലീങ്ങൾ യുദ്ധം ചെയ്യാറില്ല എന്നൊരു കീഴ്വഴക്കമുണ്ട്. ഇതിനെ മാനിച്ചുകൊണ്ട് റമദാനിൽ ഇന്ത്യാ ഗവണ്മെൻ്റ് വെടിനിറുത്തൽ പ്രഖ്യാപിച്ചു. ഈ മര്യാദയെ ഭീകരരെ ഇറക്കി ഊശിയാക്കിമാറ്റി പാകിസ്ഥാൻ. വെടിനിർത്തലിന്റെ ആദ്യ ദിവസം തന്നെ കശ്മീരിൽ കുഴിബോംബ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ ഉൾപ്പെടെ പത്ത് പേരെ ഇസ്ലാമിൻ്റെ തഖിയയിൽ ഇല്ലാതാക്കി. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ ഏറ്റെടുത്തു.

എല്ലാ വർഷങ്ങളിലും ഡിസംബർ 6 എന്നത് ഇന്ത്യയിലെ സുരക്ഷാ സേനകൾ ജാഗ്രതയോടെ വർത്തിയ്ക്കുന്ന സമയങ്ങളാണ് അങ്ങനെ 2000ത്തിലെ ഡിസംബർ 6 വന്നെത്തി. നിലവിൽ അയോധ്യയിൽ കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാൽ അവിടെ പൂജാദി കർമങ്ങളോ മറ്റോ ചെയ്യാനുള്ള നിയമപരമായ അവകാശം ഹിന്ദു ജനതയ്ക്ക് ഇല്ലായിരുന്നു. പക്ഷെ ഭക്തർ പൂജകൾ ചെയ്യുന്നുണ്ടായിരുന്നു. ഈ അവസ്ഥയിൽ പ്രധാനമന്ത്രി വാജ്‌പേയ് നടത്തിയ പ്രസ്താവന ഹൈന്ദവർക്ക് ആവേശമായി. ശ്രീരാമ ജന്മഭൂമിയിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നത് “ദേശീയ അഭിലാഷത്തിൻ്റെ പ്രകടനമാണ്” എന്ന് വാജ്പേയി അഭിപ്രായപ്പെട്ടു. പ്രതിലോമമതികൾ എതിരഭിപ്രായങ്ങൾ നിരത്തിയെങ്കിലും പൊതുജനം ക്ഷേത്രത്തിനായി ആഗ്രഹിച്ചു.

ഇന്ത്യയിൽ ഏറ്റവും വലിയ ഞെട്ടലുണ്ടാക്കിയ സംഭവം വരാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആഭ്യന്തര മന്ത്രിയായിരുന്ന എൽ .കെ.അദ്വാനിയടക്കമുള്ള മന്ത്രിമാർ പാർലമെണ്ടിൽ ഉണ്ടായിരുന്ന ഡിസംബർ മാസം 13ന് സായുധരായ 5 ഇസ്ലാമിക ഭീകരർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ സ്റ്റിക്കർ പതിച്ച കാറിൽ ഇന്ത്യൻ പാർലമെണ്ടിലേക്ക് കയറി. തുരുതുരാ വെടിവച്ചു. ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരവാദ സംഘടനകളാണ് ഇത് ചെയ്തത്. രാജ്യത്തിൻ്റെ പരമാധികാരത്തെ ഇസ്ലാമിക ഭീകരത വെല്ലുവിളിച്ചു. 6 പോലീസ് ഉദ്യോഗസ്ഥരും, 2 പാർലമെൻ്റ് സർവീസ് ഉദ്യോഗസ്തരും, 1 ഗാർഡനറും ഇസ്ലാമിൻ്റെ അൽ വെടിയിൽ മരണപ്പെട്ടു.

തുടർന്ന് ഇന്ത്യൻ സുരക്ഷാസേന നടത്തിയ തിരിച്ചടിയിൽ 5 ഇസ്ലാമിക ഭീകരർ കൊല്ലപ്പെട്ടു. രാജ്യത്തിനാകെ നാണക്കേടുണ്ടായ ഈ സംഭവം അടുത്ത ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തിന് വഴിവയ്ക്കുമോ എന്ന് പലരും ചിന്തിച്ചു. റംസാൻ മാസത്തിൽ ഇന്ത്യ പ്രഖ്യാപിച്ച വെടിനിറുത്തലിനെതിരായ ഇസ്ലാമിൻ്റെ പരിഹാസമായിരുന്നു ഈ സംഭവം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ഇല്ലാതായി. പാകിസ്താനിലെ ഇന്ത്യൻ അംബാസഡറെ തിരിച്ചു വിളിച്ചു. അവധിയിലായിരുന്ന മുഴുവൻ സൈനികരേയും ഇന്ത്യൻസൈന്യം തിരികെവിളിച്ചു. ഇന്ത്യാ – പാകിസ്താൻ അതിർത്തിയിൽ വളരെ ഗൗരവമേറിയ പടനീക്കങ്ങൾ ഉണ്ടായി. ആണവ യുദ്ധത്തെക്കുറിച്ചു പോലും സംസാരമുണ്ടായി.

തുടരും….

Related Articles

Latest Articles