Wednesday, May 8, 2024
spot_img

ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് വെടിയേറ്റ സംഭവം; നാവിക സേനയുടെ തോക്കുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്; തോക്കുകൾ ബാലിസ്റ്റിക് പരിശോധനക്ക് അയക്കും

കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് വെടിയേറ്റ സംഭവത്തിൽ നാവിക സേനയുടെ അഞ്ച് തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കുകൾ ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. തോക്കുകൾ കസ്റ്റഡിയിലെടുക്കുന്നതിന് നാവിക സേന സമ്മതമറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തി നടപടി പൂർത്തിയാക്കിയത്. നാവിക സേനയുടെ തോക്കിൽ നിന്നാണോ വെടിയേറ്റതെന്നാണ് പരിശിധിക്കുന്നത്.

മട്ടാഞ്ചേരി എഎസ് പി നേരിട്ടെത്തിയാണ് പരിശോധനാ നടപടികളും കസ്റ്റഡി നടപടികളും പൂർത്തിയാക്കിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വെടിയേറ്റ സംഭവത്തിൽ വ്യക്തത ലഭിക്കാനാണ് തീരുമാനം. വെടിയേറ്റ സമയത്ത് അഞ്ച് പേരാണ് നാവിക സേനയിൽ പരിശീലനം നടത്തിയിരുന്നത്. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്ത് വിടാൻ നാവിക സേന തയ്യാറായിരുന്നില്ല.
നേവിയെ കേന്ദ്രീകരിച്ചുതന്നെയാണ് നിലവിൽ പൊലീസ് അന്വേഷണം തുടരുന്നത്. നാവിക സേന ഉപയോഗിക്കുന്ന തരത്തിലുളള ഇൻസാസ് റൈഫിളുകളിലെ ബുളളറ്റാണ് ബോട്ടിൽ നിന്ന് കിട്ടിയതെന്നാണ് ബാലിസ്റ്റിക് വിദഗ്ധയും പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇതിനിടെ ബുളളറ്റ് കണ്ടെത്തിയ ബോട്ടിന്‍റെ സംഭവദിവസത്തെ ജി പി എസ് വിവരങ്ങൾ നാവികസേന പൊലീസിനോട് തേടിയിട്ടുണ്ട്. കടൽഭാഗത്ത് എവിടെയൊക്കെ പോയി എന്നറിയുന്നതിനാണിത്.

എന്നാൽ, ഐ എൻ എസ് ദ്രോണാചാര്യയിൽ പരിശീലനം നടത്തുമ്പോൾ ബുളളറ്റ് പുറത്തേക്ക് തെറിച്ചാലും ഒന്നരകിലോമീറ്റർ അകലേക്ക് ചെല്ലില്ലെന്നാണ് സേനയുടെ നിലവിലെ അവലോകനം. മാത്രവുമല്ല ഇൻസാസ് പോലുളള റൈഫിളുകൾ ഉപയോഗിച്ച് നിലത്ത് കിടന്നാണ് പരിശീലനം നടത്തുന്നത്. ബുളളറ്റുകൾ ഇവിടെയുളള ഭിത്തിയിൽ തട്ടിത്തെറിക്കും വിധമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ നാവിക സേനാ പരിശീലന കേന്ദ്രത്തിൽ നിന്നുളള വെടിയേറ്റല്ല മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റതെന്നാണ് ഇവർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. സംഭവദിവസം പരിശീലനത്തിനുപയോഗിച്ച തോക്കുകളുടെ വിശദാംശങ്ങൾളടക്കം നാവികസേനയോട് പൊലീസ് തേടിയിരുന്നു. എന്നാൽ അന്ന് പരിശീലനം നടത്തിയ ഉദ്യോഗസ്ഥരുടെ പേരുകൾ ഇപ്പോൾ നൽകാനാകില്ലെന്നും ഇതിന് സേനാ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നുമാണ് നാവിക സേന വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Latest Articles