Sunday, May 5, 2024
spot_img

സിപിഎം കുടുംബത്തിലെ ‘തമ്പുരാട്ടിക്ക്’ എന്തും കിട്ടും, വിരമിച്ചാലും വിടില്ല;മുഴുവൻ ശമ്പളത്തോടെ പിന്നെയും നിയമിക്കും

കേരള സർവകലാശാലയിൽ വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് മുൻകാല പ്രാബല്യത്തോടെ പെൻഷൻ പ്രായം ഉയർത്തി. 8 മാസം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥയ്ക്കാണ് മുൻകാല പ്രാബല്യത്തിൽ മുഴുവൻ ശമ്പളത്തോടെ പുനർനിയമനം നൽകിയത്. സി.പി.എം കുടുംബത്തിലെ അംഗമെന്ന പരിഗണയാണ് ചട്ടവിരുദ്ധ തീരുമാനത്തിന് പിന്നിലെന്ന് സർവകലാശാല ജീവനക്കാരിൽ ഒരു വിഭാഗം ആരോപിക്കുന്നു.

കേരള സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പോപ്പുലേഷൻ റിസർച്ച് സെന്‍ററില്‍ നിന്നും മാർച്ചിൽ വിരമിച്ച റിസർച്ച് ഓഫീസർക്ക് പുനർ നിയമനം നൽകാൻ വേണ്ടി വിരമിക്കൽ പ്രായം മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കാനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചത്. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം പറ്റിയിരുന്നയാൾക്കാാണ് ഈ ആനുകൂല്യം നൽകിയത്. കേന്ദ്ര സർക്കാരിന്‍റെ പൂർണ സാമ്പത്തിക സഹായത്തിലാണ് സെന്‍റര്‍ പ്രവർത്തിക്കുന്നത്. അതാത് സംസ്ഥാനങ്ങളിലെ സേവന വേതന ഘടനയാണ് സെന്‍ററിലെ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ളത്. വിരമിക്കൽ പ്രായവും സംസ്ഥാന സർക്കാരിന് സമാനമായാണ് നിശ്ചയിച്ചിട്ടുള്ളത്. അത് അവഗണിച്ചാണ് ഇപ്പോൾ വിരമിക്കൽ പ്രായം 60 ആയി ഉയർത്തിയത്.

സേവന വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തണമെങ്കിൽ കേന്ദ്ര സർക്കാരിന്‍റെ മുൻകൂട്ടിയുള്ള അനുമതി ലഭിക്കണം.സംസ്ഥാനത്തെ സേവന വേതന വ്യവസ്ഥ അതേപടി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. അത് മറികടന്ന് പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതും വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് പുനർനിയമനം നൽകുന്നതും ചട്ടവിരുദ്ധമാണെന്ന സർവ്വകലാശാല ഭരണ- ധനകാര്യ വിഭാഗങ്ങളുടെ നിർദ്ദേശം അവഗണിച്ചാണ് സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തത്. ഈ സെന്‍ററിലെ നിരവധി ജീവനക്കാർ പെൻഷൻ പ്രായ വർധനവില്ലാതെ വിരമിച്ചിട്ടുണ്ട്.പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ ചട്ടവിരുദ്ധമായ ഉത്തരവ് ഇറക്കുന്നതിൽ സർവകലാശാല ഉദ്യോഗസ്ഥർ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും സിണ്ടിക്കേറ്റ് അംഗങ്ങളുടെ ശക്തമായ സമ്മർദ്ദത്തിന് വിസി വഴങ്ങിയതാണെന്നാണ് ആക്ഷേപം.

Related Articles

Latest Articles