തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്നും കേരളം എന്നാക്കിയുള്ള മാറ്റം ഉടനെ ഉണ്ടാവില്ല. ഇത് ആവശ്യപ്പെട്ടുള്ള പ്രമേയം ബുധനാഴ്ച മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യം വെച്ചിരുന്നു എങ്കിലും പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ തുടര്‍ന്ന് ഇത് മാറ്റിവെച്ചു. മുന്നണിയിലെ ഘടക കക്ഷികളുടെ അഭിപ്രായം ഇക്കാര്യത്തില്‍ അറിയണം എന്നും, ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇതോടെ കാര്യവിവരപട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്രമേയം സഭയില്‍ അവതരിപ്പിച്ചില്ല.

സംസ്ഥാനത്തിന്റെ പേരില്‍ ചെറുതായിട്ടാണെങ്കിലും ഒരു മാറ്റം കൊണ്ടുവരുമ്പോള്‍ അതിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്ന് ഉപയോഗിക്കുന്നതിന് പകരം കേരളം എന്നാക്കുന്നതിനുള്ള നിയമനിര്‍മാണം നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.

എന്നാല്‍ പേരില്‍ വരുത്തുന്ന മാറ്റം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നില്ല. സഭാനടപടികള്‍ നിശ്ചയിക്കുന്ന കാര്യോപകദേശ സമിതി യോഗത്തിലും പ്രമേയത്തെ കുറിച്ച്‌ സര്‍ക്കാര്‍ പറഞ്ഞിരുന്നില്ല. ഇത് ആക്ഷേപത്തിന് ഇടയാക്കുകയും, തിരക്കിട്ട് പ്രമേയം കൊണ്ടുവരുന്നതിലെ അതൃപ്തി പ്രതിപക്ഷം സ്പീക്കറെ അറിയിക്കുകയും ചെയ്തു.