Saturday, May 18, 2024
spot_img

രഞ്ജി ട്രോഫി; ഛത്തീസ്‌ഗഢിനെതിരെ കേരളത്തിന് 7 വിക്കറ്റിന്റെ തകർപ്പൻ ജയം,അർദ്ധ സെഞ്ച്വറി നേടി ഓപണർ രാഹുൽ

രഞ്ജി ട്രോഫിയിൽ ഛത്തിസ്ഗഢിനെതിരെ കേരളത്തിന് ഏഴ് വിക്കറ്റ് ജയം. വിജയലക്ഷ്യമായ 126 റൺസിലേക്ക് ബാറ്റേന്തിയ കേരളം വെറും 19.1 ഓവറിൽ ഇത് മറികടന്നു. 6.57 റൺ ശരാശരിയിലാണ് രണ്ടാമിന്നിംഗ്‌സിൽ കേരളം അടിച്ചു തകർത്തത്. കേരളത്തിന് വേണ്ടി ഓപണർ പി രാഹുൽ അർദ്ധ സെഞ്ച്വറി നേടി.58 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 66 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. രോഹൻ എസ് കുന്നുമ്മൽ 27 പന്തിൽ രണ്ട് സിക്‌സും നാല് ഫോറും സഹിതം 40 റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 10 ഓവറിൽ 86 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്.

രോഹൻ പുറത്തായതിന് തൊട്ടുപിന്നാലെ ഒരു റൺസ് നേടിയ സച്ചിൻ ബേബിയും പുറത്തായി. അക്ഷയ് ചന്ദ്രൻ 10 റൺസിനും വീണു. ഛത്തിസ്ഗഢ് ഒന്നാമിന്നിംഗ്‌സിൽ 149 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ കേരളം 311 റൺസ് എടുത്തു. 162 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് കേരളത്തിന് സ്വന്തമായത്. രണ്ടാമിന്നിംഗ്‌സിൽ ഛത്തിസ്ഗഢ് 287ന് പുറത്തായതോടെയാണ് കേരളത്തിന് വിജയലക്ഷ്യം 126 ആയി നിശ്ചയിക്കപ്പെട്ടത്. അവസാന ദിനമായ ഇന്ന് ആദ്യ സെഷനിൽ തന്നെ വിജയലക്ഷ്യം കേരളം പൂർത്തിയാക്കുകയും ചെയ്തു.

Related Articles

Latest Articles