തിരുവനന്തപുരം: പത്തനംതിട്ട ബസ്സ്റ്റാൻഡിൽ രാത്രിയിൽ ആൺസുഹൃത്തിനോടൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെ വനിതാ കമ്മീഷൻ. പെൺകുട്ടി വനിതാ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് സൂപ്രണ്ടിനോട് വിശദീകരണം തേടുമെന്നും റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ പറഞ്ഞു. തൈക്കാട് റസ്റ്റ് ഹൗസിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഡോ ഷാഹിദ കമാൽ.
എന്തെങ്കിലും കേസിന്റെ അടിസ്ഥാനത്തിലാണോ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്നും ഷാഹിദ കമാൽ അറിയിച്ചു.
അയൽക്കാർ നൽകിയ പരാതിയുടെ പേരിൽ ദമ്പതികളെ മർദ്ദിച്ചുവെന്ന കേസിൽ മാറനല്ലൂർ എസ് ഐ യെ കമ്മീഷൻ വിളിച്ചു വരുത്തി. ദമ്പതികളെ താൻ മർദ്ദിച്ചിട്ടില്ലെന്ന് എസ് ഐ മൊഴി നൽകി. എന്നാൽ ഒരു വർഷം മുന്പ് നടന്ന സംഭവത്തെ തുടർന്ന് ഇപ്പോഴും ചികിത്സയിലാണെന്ന് വ്യക്തമാക്കിയ ദമ്പതികൾ ഇതിന്റെ രേഖകളും ഹാജരാക്കി. സംഭവത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി യോട് കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

