Wednesday, May 8, 2024
spot_img

മരടില്‍ താപ്പാനകള്‍ക്കും ഫ്ളാറ്റുകളുണ്ട്; ഹോളിഫെയ്ത്ത് ബില്‍ഡേഴ്സ് മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിന്‍റെ ബിനാമികളുടേതെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

കൊച്ചി: സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച മരടിലെ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിന്‍റെ ബിനാമികളുടേതെന്ന് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. മുന്‍ നഗരസഭാംഗം വി ജെ. ഹൈസിന്താണ് ഇത്തരമൊരു സംഭവം പുറത്തുവിട്ടത്. ഹൈസിന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ വി. തോമസിനെതിരെ ആരോപണം. പോസ്റ്റിട്ട ഹൈസിന്തിനെതിരേ കെ വി. തോമസ് പോലീസില്‍ പരാതിപ്പെട്ടു.

‘മരട് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഒന്ന് നിര്‍മിച്ചിട്ടുള്ള ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് മുന്‍ മന്ത്രി കെ വി. തോമസിന്റെ ബിനാമി കമ്പനിയാണെന്ന് കേള്‍ക്കുന്നു. നിങ്ങള്‍ക്ക് വല്ല അറിവുമുണ്ടോ? ബില്‍ഡേഴ്‌സിനെതിരായി വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ക്കായി പങ്കുവക്കുക,’ എന്നാണ് എഫ്ബി പോസ്റ്റ്. ഹോളി ഫെയ്ത്ത് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഒന്ന് നിര്‍മിച്ചിരിക്കുന്നത് കെ വി. തോമസിന്റെ ബിനാമികളാണെന്ന് ഹൈസിന്ത് അടിവരയിടുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ പരിഗണനക്കായി ദല്‍ഹിയില്‍ തങ്ങുന്ന കെ വി. തോമസിന്റെ സാധ്യത കളയാനാണ് ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

അതേസമയം, സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് വി ജെ. ഹൈസിന്തിനെതിരെ പ്രൊഫ കെ വി. തോമസ് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സമൂഹത്തില്‍ തന്നെ ബോധപൂര്‍വം അപമാനിക്കുന്നതാണ് പോസ്റ്റെന്നും തന്റെ അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കുന്ന നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹൈസിന്തിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. കെ വി. തോമസിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നവരാണ് ഹൈസിന്തിനെ മുന്നില്‍നിര്‍ത്തി കളിക്കുന്നതെന്നാണ് തോമസ് പക്ഷത്തിന്റെ ആരോപണം.

Related Articles

Latest Articles