Saturday, April 27, 2024
spot_img

അതിജീവനത്തിന്റെ നല്ല പാഠം: കാലുകൾ തളർന്ന രാജപ്പന് പ്രധാനമന്ത്രിയുടെ അഭിനന്ദനം; ഇന്ന് രാജപ്പനാണ് താരം

ന്യൂഡൽഹി: കോട്ടയം സ്വദേശിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. എഴുപത്തിമൂന്നാമത് മൻ കി ബാത്തിൽ വേമ്പനാട് കായലിന്റെ സംരക്ഷകനായ കുമരകം മഞ്ചാടിക്കര സ്വദേശി എൻ.എസ്. രാജപ്പനെ (72)കുറിച്ചാണ് നരേന്ദ്രമോദി അഭിനന്ദിച്ച് സംസാരിച്ചത്. മഹത്തായ ജോലിയാണ് രാജപ്പൻ ചെയ്യുന്നത് എന്നാണ് മോദി പറഞ്ഞത്. പോളിയോ ബാധിച്ച് രണ്ടുകാലിനും സ്വാധീനമില്ലാത്ത രാജപ്പന്‍ വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു വിറ്റാണ് ജീവിക്കുന്നത്.

കാലങ്ങളായി കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പൻ ചേട്ടനെ സോഷ്യൽ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ദിവസവും രാവിലെ ആറ് മണിയാകുമ്പോൾ രാജപ്പൻ വളളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താൻ. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുളള ചില്ലറ മാത്രം കിട്ടണമെന്നാണ് ഇദ്ദേഹത്തിന് പറയാനുളളത്. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടിൽ വൈദ്യുതിയുമില്ല. മെഴുകുതിരി കത്തിച്ചാണ് രാത്രി തളളി നീക്കുന്നത്. എങ്കിലും തന്റെ ജോലിയിൽ രാജപ്പൻ സന്തുഷ്‌ടനാണ്.

പ്രധാനമന്ത്രിയുടെ വാക്കുകളിലേക്ക്… ‘ഞാൻ കേരളത്തിലെ മറ്റൊരു വാർത്ത കണ്ടു, ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോധ്യപ്പെടുത്തുന്നതാണ്. കേരളത്തിൽ കോട്ടയത്ത് എൻ.എസ്.രാജപ്പൻ എന്നൊരു വയോധികനുണ്ട്. മാത്രമല്ല അദ്ദേഹത്തിന് നടക്കാൻ കഴിയില്ല. എന്നാൽ ഇതുകൊണ്ട് വെടിപ്പിനോടും വൃത്തിയോടുമുള്ള സമർപ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.

അതേസമയം, അദ്ദേഹം കഴിഞ്ഞ ഏഴ് വർഷമായി തോണിയിൽ വേമ്പനാട്ട് കായലിൽ പോകുകയും കായയിൽ എറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പുറത്തെടുത്തുകൊണ്ട് വരികയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, രാജപ്പന്റെ ചിന്ത എത്രത്തോളം ഉയർന്ന നിലയിലാണെന്ന്. നമ്മളും രാജപ്പനിൽനിന്നും പ്രചോദനം ഉൾ‌ക്കൊണ്ടുകൊണ്ട് ശുചിത്വത്തിനു വേണ്ടി സാധ്യമാകുന്നിടത്തോളം നമ്മുടേതായ സംഭവന നൽകണം’.

Related Articles

Latest Articles