Monday, April 29, 2024
spot_img

സഭയിലെ വാക്‌പ്പോരിന് ഇന്ന് പരിസമാപ്തി; പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഇന്ന്

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു പതിനാലാം കേരള നിയമസഭ. സ്പീക്കർക്കും സർക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങൾക്കും 14 സർക്കാർ പ്രമേയങ്ങൾക്കും സഭ സാക്ഷിയായി. ഏഴു സിറ്റിംഗ് എംഎൽഎമാരാണ് ഈ കാലയളവിൽ വിട പറഞ്ഞത്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു നിലവിലെ സഭ. സിറ്റിംഗ് എംഎൽഎമാരിൽ കൂടുതൽ പേരെ നഷ്ടമായത് ഈ സഭാ കാലയളവിലാണ്. കെ.എം.മാണി, കെ.കെ രാമചന്ദ്രൻ നായർ, തോമസ് ചാണ്ടി, സി.എഫ് തോമസ്, വിജയൻ പിള്ള , പി.ബി അബ്ദുൾ റസാഖ്, കെ.വി വിജയദാസ് എന്നീ എംഎൽഎമാർ വേർപിരിഞ്ഞു.

അതേസമയം ഏകദിന സമ്മേളനങ്ങളുടെ കാര്യത്തിൽ ഈ സഭ റെക്കോർഡിട്ടു. ഏഴു പ്രത്യേക സമ്മേളനങ്ങളും ആറ് അടിയന്തര പ്രമേയങ്ങളും ചർച്ചയ്ക്കു വന്നു. സ്പീക്കർക്കും സർക്കാരിനുമെതിരേ അവിശ്വാസ പ്രമേയങ്ങൾ വന്നു. ഡിജിറ്റലിലേക്ക് കേരള നിയമസഭ മാറിയതും സഭാടിവിയുടെ വരവും ഇതേ കാലയളവിലായിരുന്നു. കോവിഡ് കാലത്തെ സഭാ സമ്മേളനം പുത്തൻ അനുഭവമായി. ആറു അടിയന്തര പ്രമേയങ്ങളിൽ സർക്കാർ ചർച്ചയ്ക്കു തയാറായി. 14 സർക്കാർ പ്രമേയങ്ങളും ചർച്ചയ്ക്കു വന്നു. എന്നാല്‍ രണ്ട് എംഎൽഎമാർ ജയിലിലും മൂന്നു മണ്ഡലങ്ങളിൽ എംഎൽഎമാർ ഇല്ലാത്തതുമായ അപൂർവ സാഹചര്യത്തിലാണ് സഭ ഇന്നു പിരിയുന്നത്. ആഴ്ചകൾക്കപ്പുറം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. കോവിഡിനെ തുടർന്ന് അവസാന ദിവസത്തെ ഫോട്ടോ സെഷൻ ഇന്നുണ്ടാകില്ല.

Related Articles

Latest Articles