കോട്ടയം: കോട്ടയം മാന്നാനം സ്വദേശി കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടി നടത്തിയതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന പ്രാഥമിക വാദത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസില്‍ വലിയ ഗൂഢാലോചന നടന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വാദം ഈ മാസം ഇരുപത്തിരണ്ടിന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കി. കെവിന്‍റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ കേസില്‍ 14 പ്രതികളാണുള്ളത്.

പ്രണയ വിവാഹത്തിന്‍റെ പേരിലാണ് പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം. നീനുവിന്‍റെ സഹോദരന്‍ ഷാനുവിന്‍റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.പിറ്റേന്ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി.ഇവര്‍ കെവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.

ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച്‌ സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന്‍ കൊലക്കേസ് അതിവേഗം തീര്‍പ്പാക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. കേരളത്തിലാദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസില്‍ വിചാരണ തുടങ്ങുന്നത്.