എബോള രോഗ ഭീതിയിൽ വലയുന്ന മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്ന് ദാരുണമായ മറ്റൊരു വാർത്ത. എബോള പ്രതിരോധ മരുന്നിന്റെ വിലയായി സ്വന്തം ശരീരം തന്നെ നൽകേണ്ട ഗതികേടിലാണ് രോഗബാധിതരായ ഇവിടത്തെ സ്ത്രീകൾ. ലൈംഗിക വേഴ്ചക്ക് അനുവാദം നൽകുന്ന സ്ത്രീകൾക്ക് തൊഴിലും വാഗ്ദാനം ചെയ്യുന്നുണ്ട്. എബോള പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില മുൻനിര സന്നദ്ധ സംഘടനാ പ്രവർത്തകരാണ് സ്ത്രീകളെ ലൈംഗിക വേഴ്ചക്കായി ചൂഷണം ചെയ്യുന്നത്. എന്നാൽ ആരോഗ്യ വകുപ്പിന് ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചാൽ ഉടനടി നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എബോള ബാധിതരായ സ്ത്രീകൾ കോംഗോയിൽ ഭീതിദമായ ഒറ്റപെടലാണ് നേരിടുന്നത്. സമൂഹത്തിൽ നിന്നുള്ള ഒഴിവാക്കൽ സഹിക്കാനാവാതെയാണ് മിക്ക സ്ത്രീകളും ലൈംഗിക വേഴ്ചക്ക് സമ്മതം മൂളുന്നത്. എന്നാൽ വൈറസ് രോഗമായ എബോള ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.1976–ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗം ആദ്യമായി കാണപ്പെട്ടത്. 2014-ൽ എബോള രോഗം ബാധിച്ച് അഞ്ഞൂറോളം പേര് കോംഗോയിൽ മരിച്ചിരുന്നു.