Tuesday, May 21, 2024
spot_img

സകല റെക്കോർഡുകളും തകർത്ത് കെ ജി എഫ്; നാല് ദിവസം കൊണ്ട് റോക്കി ഭായും ടീമും വാരിക്കൂട്ടിയത് 550 കോടി

കെ ജി എഫ് ചാപ്റ്റർ ടു കാണാൻ തിയേറ്ററിലേക്ക് ആരാധകർ ഒഴുകി എത്തുകയാണ്. വെറും നാലുദിവസം കൊണ്ട് റോക്കി ഭായും ടീമും നേടിയത് 550 കോടി രൂപ. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിലാണ് കെജിഎഫ് ചാപ്റ്റര്‍ 2 ബോക്‌സ് ഓഫീസ് റെക്കോഡുകളെ ഭേദിച്ചത്. ഇതോടെ ഈ വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.

ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആണ് ലോകത്തിലെ ഏറ്റവുമധികം കളക്ഷന്‍ ഈ വാരാന്ത്യത്തില്‍ നേടിയ ചിത്രം. ഇന്ത്യന്‍ സിനിമ, ചരിത്രത്തില്‍ ഇതുവരെ നേടിയ കളക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ത്തെറിഞ്ഞു കൊണ്ടാണ് കെജിഎഫ് യാത്ര തുടർന്നുകൊണ്ടിരിക്കുന്നത്.

ഏപ്രില്‍ 14 നാണ് കെജിഎഫിന്റെ രണ്ടാം ഭാ​ഗം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായിരുന്നു റിലീസ്. ആദ്യ ദിവസം നിര്‍മാതാക്കള്‍ക്ക് ആകെ ലഭിച്ചത് 165.37 കോടി രൂപയാണ്. രണ്ടാം ദിവസം 139.25 കോടി, മൂന്നാം ദിവസം 115.08 കോടി, നാലാം ദിവസം 132.13 എന്നിങ്ങനെ ദിവസേന നൂറ് കോടിയില്‍ കുറയാതെ കളക്ഷന്‍ നേടിയാണ് സിനിമ മുന്നേറുന്നത്.

കേരളവും റോക്കിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. കേരളത്തില്‍ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. ഇതുവരെ ഒന്നാമതുണ്ടായിരുന്ന ഒടിയനെ റോക്കി കടത്തി വെട്ടി. 7.2 കോടി ആയിരുന്നു ഒടിയന്‍റെ കേരള ഫസ്റ്റ് ഡേ ഗ്രോസ്. എന്നാല്‍, കെജിഎഫ് 2വിന് ആദ്യം ദിനം നേടാനായത് 7.48 കോടിയാണ് .

Related Articles

Latest Articles