Monday, May 13, 2024
spot_img

കർഷകരുടെ ഖാപ് പഞ്ചായത്തിന് അനുമതിയില്ല; തന്നെ അറസ്റ്റ് ചെയ്തെന്നാരോപിച്ച് സത്യപാല്‍ മാലിക്ക്; സ്വന്തം ഇഷ്ടപ്രകാരം സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്ന് പോലീസ്

ദില്ലി : ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് പിന്തുണയുമായി വിവിധ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഖാപ്പ് പഞ്ചായത്തിന് ദില്ലി പോലീസ് അനുമതി നിഷേധിച്ചു. ദില്ലി ആര്‍.കെ. പുരം പോലീസാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതോടെ ഖാപ്പ് പഞ്ചായത്ത് നടത്തുന്നതിൽ നിന്ന് കര്‍ഷകസംഘനകള്‍ പിന്മാറി.

ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ 36 ഖാപ്പുകളിലെ കര്‍ഷകനേതാക്കളായിരുന്നു ഖാപ്പ് പഞ്ചായത്തിന് ആഹ്വാനം ചെയ്തിരുന്നത്. ഇതിനിടെ തങ്ങളേയും സത്യപാല്‍ മാലിക്കിനേയും അറസ്റ്റ് ചെയ്‌തെന്ന് ബി.കെ.യു. നേതാവ് ഗുര്‍ണാം സിങ് ചധുനി ആരോപിച്ചു. സത്യപാല്‍ മാലിക്ക് അദ്ദേഹത്തിന്റെ വസതിക്ക് സമീപം ഖാപ്പ് നേതാക്കളുടെ പരിപാടി തീരുമാനിച്ചിരുന്നുവെന്നും ഇത് പോലീസ് ബലം പ്രയോഗിച്ച് നിര്‍ത്തിച്ചുവെന്നും ഗുര്‍ണാം സിങ് പറഞ്ഞു .

തൊട്ട് പിന്നാലെ താനിപ്പോള്‍ ആര്‍.കെ. പുരം പോലീസ് സ്‌റ്റേഷനില്‍ ഇരിക്കുകയാണെന്നും അല്‍പ്പസമയത്തിനകം പോലീസിന് ചൗള പോലീസ് സ്‌റ്റേഷനിലേക്ക് തന്നെ മാറ്റാമെന്നും സത്യപാല്‍ മാലിക്ക് അറിയിച്ചു.

എന്നാല്‍, സത്യപാല്‍ മാലിക്കിനെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. സത്യപാല്‍ മാലിക്ക് സ്വന്തം ഇഷ്ടപ്രകാരം എത്തിയതാണെന്നും അദ്ദേഹത്തിന് തോന്നുമ്പോള്‍ മടങ്ങിപ്പോകാമെന്നും ദില്ലി പോലീസ് വ്യക്തമാക്കി. തൊട്ട് പിന്നാലെ സത്യപാല്‍ മാലിക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്ന് മടങ്ങി.

Related Articles

Latest Articles