വിദേശ നഴ്‌സിങ് ജോലിക്കായുള്ള ഒ.ഇ.ടി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി രാജ്യാന്തര ബന്ധമുള്ള മാഫിയകൾ കോടികൾ തട്ടുന്നുണ്ട്. കൊല്ലത്തുനിന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ അന്വേഷണത്തിനിടയിലാണ് ഈ തട്ടിപ്പിലേക്ക് വെളിച്ചം വീശുന്നത്. യു.കെയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്‌സുമാരുടെ സ്വപ്ന പരീക്ഷയാണ് ഒ.ഇ.ടി. ഒരൊറ്റ ചോദ്യപേപ്പറിലാണ് ലോകമെമ്പാടും ഒ.ഇ.ടി പരീക്ഷ നടത്തുന്നത്. പല രാജ്യത്തും പല സമയത്ത് പരീക്ഷ നടത്തുന്നുവെന്നതിലെ പഴുത് മുതലെടുത്താണ് തട്ടിപ്പ് നടത്തുന്നത്.
ന്യൂസിലാൻഡിൽ പരീക്ഷ നടന്ന് 12 മണിക്കൂർ കഴിഞ്ഞും ഗൾഫിൽ പരീക്ഷ നടന്നു മൂന്ന് മണിക്കൂർ കഴിഞ്ഞുമാണ് കേരളത്തിൽ പരീക്ഷ നടക്കുന്നത്. അതിനാൽ അവിടുത്തെ ചോദ്യപേപ്പർ ചോർത്തുകയാണ് തട്ടിപ്പ്സംഘം ആദ്യം ചെയ്യുന്നത്. ഇതിനായി ഏജന്റുമാരുമുണ്ട്. ചോർത്തിയ ചോദ്യങ്ങളും ഉത്തരസൂചികയും പണം കൊടുത്ത വിദ്യാർത്ഥികൾക്ക് കൈമാറി ഏതെങ്കിലും ഹോട്ടലുകളിൽ താമസിപ്പിച്ച് പരിശീലനം നൽകുന്നതാണ് തട്ടിപ്പിന്റെ രീതി. അതിനാൽ പഠിച്ച് പരീക്ഷ എഴുതുന്നവർ മിക്കവാറും തോൽക്കും. കാരണം, ഓരോ പരീക്ഷയിലും ഇത്ര ശതമാനം വിദ്യാർത്ഥികളെ മാത്രമാണ് വിജയിപ്പിക്കുന്നത്.
അതേസമയം, ഒരു തവണ പരീക്ഷ എഴുതാൻ മാത്രം കേരളത്തിൽ മുപ്പതിനായിരത്തിന് മുകളിലാണ് ഫീസ്. നിരവധി തവണ പരീക്ഷ എഴുതുമ്പോഴാണ് പലരും വിജയിക്കുന്നത്. ഇതാണ് തട്ടിപ്പുസംഘത്തിന്റെ തുറുപ്പുചീട്ട്. പരീക്ഷ എഴുതുവാനുള്ള ചെലവും സമയനഷ്ടവും കണക്കിലെടുക്കുമ്പോൾ നഴ്‌സുമാർ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴുകയാണ് പതിവെന്ന് യു.എൻ.എ നേതാവ് ജാസ്മിൻ ഷാ പറയുന്നു. മൂന്ന് മുതൽ നാല് ലക്ഷം വരെയാണ് ഇത്തരം സംഘങ്ങൾ ഒരു നഴ്‌സിന്റെ കൈയിൽ നിന്നും വാങ്ങുന്നത്. കേരളത്തിൽ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാള സിനിമയിലെ ഒരു പ്രമുഖ നടി മോഡലായി വരുന്ന സ്ഥാപനവും കോട്ടയം കേന്ദ്രീകരിച്ചുള്ള സ്ഥാപനവുമാണ് തട്ടിപ്പ് നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ ഒരു കൂട്ടർക്ക് ഉത്തരസൂചിക കിട്ടുന്നപക്ഷം അവരിലേക്കാകും കോടികൾ ഒഴുകിയെത്തുക. അപ്പോൾ മറുസംഘത്തിന് പണം നൽകിയവർ വെട്ടിലാകും. കോടികളുടെ ഈ പണമിടപാടാണ് തട്ടിക്കൊണ്ടുപോകലിലും ക്വട്ടേഷനിലും കലാശിക്കുന്നത്.
വടക്കാഞ്ചേരിയിൽ നിന്ന് യുവാവിനെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് മാസങ്ങൾക്ക് മുൻപാണ്. തൃശൂരിലെ അറേബ്യൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ഗണേഷ് ജെ. കുമാർ, ഡ്രൈവർ ലിബിൻ എന്നിവരെയാണ് അന്ന് തട്ടികൊണ്ട് പോയത്. ഒ.ഇ.ടി ചോദ്യപേപ്പർ ചോർത്തികൊടുക്കാമെന്ന് പറഞ്ഞു പത്താഴകുണ്ടിലുള്ള റിസോർട്ടിൽവച്ച് മൂന്നുകോടി ആവശ്യപ്പെട്ട സംഭവവും പിന്നീട് തട്ടികൊണ്ട് പോകലിലാണ് കലാശിച്ചത്. സമാന രീതിയിൽ വാഗമണിലും യുവാവിനെ ക്വട്ടേഷൻ സംഘം തട്ടികൊണ്ട് പോയിരുന്നു. ഇതുതന്നെയാണ് കൊല്ലത്തെ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സ്ഥിരീകരണമില്ലെങ്കിലും സാധ്യതകൾ അന്വേഷിക്കുന്നുണ്ട്.

