Friday, April 26, 2024
spot_img

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ; നാല് വർഷത്തെ കാത്തിരിപ്പ് , സെഞ്ച്വറി ബാറ്റുയർത്തി കിംഗ് കൊഹ്‌ലി

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിന്‍റെ നാലാം ദിനം ഇന്ത്യന്‍ ആരാധകരുടെ പ്രധാന പ്രതീക്ഷയും ആകാംക്ഷയും വിരാട് കോലിയുടെ ബാറ്റിലായിരുന്നു. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരിക്കല്‍ കൂടി വിരാട് കോലിയുടെ ടെസ്റ്റ് സെ‍ഞ്ചുറി കാണാനായിരുന്നു ആരാധകരുടെ കാത്തിരിപ്പ്.നാലാം ദിനം ആദ്യ സെഷനില്‍ ജഡേജയുടെ വിക്കറ്റ് നഷ്ടമായതോടെ കോലി പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ ആരാധകരുടെ ആശങ്കയേറി. ല‍ഞ്ചിന് പിരിയുമ്പോള്‍ 88 റണ്‍സുമായി പുറത്താകാതെ നിന്ന കോലിയുടെ 28-ാം ടെസ്റ്റ് സെഞ്ചുറിക്കായി ആരാധകര്‍ കാത്തിരുന്നത് നീണ്ട മൂന്നര വര്‍ഷമാണ്. ഒടുവില്‍ നാലാം ദിനം ലഞ്ചിനുശേഷം നേഥന്‍ ലിയോണിന്‍റെ പന്ത് സ്ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് കോലി തന്‍റെ 28-ാം ടെസ്റ്റ് സെഞ്ചുറിയിലെത്തി.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് തുടങ്ങിയത്.മൂന്നാം ദിനത്തില്‍ കോഹ്‌ലിക്കൊപ്പം പ്രതിരോധം തീര്‍ത്ത ജഡേജയെ ടോഡ് മര്‍ഫി ഖവാജയുടെ കൈകളിലെത്തിച്ചു. താരം 28 റണ്‍സാണ് എടുത്തത്. ഓസ്‌ട്രേലിയക്കായി ടോഡ് മര്‍ഫി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. നതാന്‍ ലിയോണ്‍, മാത്യു കുനെമന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.നേരത്തെ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയായിരുന്നു മൂന്നാം ദിനത്തിലെ സവിശേഷത. കരിയറിലെ രണ്ടാം സെഞ്ച്വറി കുറിച്ച ശുഭ്മാന്‍ ഗില്‍ 128 റണ്‍സെടുത്ത് മടങ്ങി. 235 പന്തുകള്‍ നേരിട്ട് 12 ഫോറും ഒരു സിക്സും സഹിതമായിരുന്നു താരത്തിന്റെ മികവാര്‍ന്ന ബാറ്റിങ്. ഗില്ലിന് പുറമെ ചേതേശ്വര്‍ പൂജാര (121 പന്തില്‍ 42), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (58 പന്തില്‍ 35) എന്നിവരാണ് മൂന്നാം ദിനത്തില്‍ പുറത്തായ താരങ്ങള്‍.

Related Articles

Latest Articles