Wednesday, May 15, 2024
spot_img

ഹിമാചലിലെ മണ്ണിടിച്ചിൽ; മരണസംഖ്യ 13 ആയി, അറുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കിന്നൗർ: ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. അതേസമയം മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസും ട്രക്കും വിനോദ സഞ്ചാരികളുടെ കാറുകളും അപകടത്തിൽപ്പെട്ടു. 24 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. എന്നാൽ ബസിന്‍റെ ഡ്രൈവർ മഹീന്ദർ പാലും, കണ്ടക്ടർ ഗുലാബ് സിംഗും ഉൾപ്പെടെ 13 പേരെ അപ്പോൾ തന്നെ രക്ഷപ്പെടുത്തി. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം മണ്ണും, പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങൾ പൂർണമായി തകർന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണു റിപ്പോർട്ട്.
മണ്ണിടിച്ചിലുണ്ടായ വിവരം പുറത്ത് വന്നതോടെ അടിയന്തര രക്ഷപ്രവർത്തനത്തിന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂർ നിർദ്ദേശം നൽകി. ആദ്യഘട്ടത്തിൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും ദുരന്ത നിവാരണ സേനയുമാണ് രക്ഷാ പ്രവർത്തനത്തിന് നേത്യത്വം നൽകിയത്. പിന്നാലെ ദേശീയ ദുരന്തനിവാരണസേനയുടെ 25 പേർ അടങ്ങുന്ന സംഘവും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിമാചൽ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് കേന്ദ്രസഹായം ഉറപ്പ് നൽകി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles