Thursday, May 2, 2024
spot_img

മിഠായി കവറിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം; പ്രതിഷേധവുമായി വിശ്വാസികൾ; ഒടുവിൽ ചിത്രങ്ങൾ പിൻവലിച്ച് നെസ്ലേ ഇന്ത്യ

ദില്ലി: മിഠായി കവറിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം ചേർത്ത നെസ്ലേ ഇന്ത്യയ്ക്കെതിരെ (Kitkat Packs With Lord Jagannath Pics) രൂക്ഷവിമർശനം. ഭഗവാൻ ജഗന്നാഥൻ, ബലഭദ്ര, ദേവി സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത്രങ്ങളാണ് നെസ്ലേ കിറ്റ് കാറ്റിന്റെ കവറിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിമർശനം ശക്തമായതോടെ ചിത്രങ്ങൾ കമ്പനി പിൻവലിച്ചു. പുതിയ കിറ്റ് കാറ്റ് കവറിന്റെ ചിത്രങ്ങൾ ചിലർ സമൂഹമാധ്യമങ്ങളിൽ കമ്പനി പങ്കുവച്ചിരുന്നു. ഇതോടെയാണ് കമ്പനിയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് കമ്പനിയുടെ പ്രവൃത്തി എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. ചോക്ലേറ്റ് ഉപയോഗിച്ചു കഴിഞ്ഞാൽ ദൈവങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ കവറുകൾ ചവറ്റു കൊട്ടയിൽ ഇടും. ഇതിനുപുറമേ റോഡിൽ ഉപേക്ഷിക്കപ്പെടുന്ന കവറുകളിൽ ആളുകൾ ചവിട്ടി നടക്കും. ഇതെല്ലാം തന്നെ ഹിന്ദുക്കളുടെ മതവികാരത്തെ ഹനിക്കുമെന്ന് സമൂഹമാധ്യമ ഉപയോക്താക്കളിൽ ഒരാൾ പറയുന്നു. രാജ്യത്തെ പ്രമുഖ കമ്പനികൾക്ക് ഉൾപ്പെടെ ഹിന്ദുക്കളെയും, ഹിന്ദു ദൈവങ്ങളെയും പരിഹസിക്കാൻ വലിയ ഉത്സാഹമാണെന്ന് മറ്റൊരു ഉപയോക്താവായ മധു ബെഗാലി ട്വീറ്റ് ചെയ്തു.

എന്നാൽ മറ്റേതെങ്കിലും മതത്തെ തൊട്ടുകളിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ?. മറ്റേതെങ്കിലും മതത്തേയോ ദൈവങ്ങളെയോ പരിഹസിച്ചാൽ എന്താണ് സംഭവിക്കുന്നതെന്ന് അപ്പോൾ അറിയാമെന്നും മധു പറഞ്ഞു. അതേസമയം വിമർശനം ശക്തമായതോടെ നെസ്ലേ കമ്പനി ക്ഷമാപണവുമായി രംഗത്ത് വന്നു. ഹിന്ദു മതത്തേയോ, ദൈവങ്ങളെയോ അപമാനിക്കുകയായിരുന്നില്ല ലക്ഷ്യമെന്ന് കമ്പനി ട്വീറ്റ് ചെയ്തു. ഓരോ പ്രദേശത്തെയും സംസ്‌കാരങ്ങളെ ആളുകൾക്ക് മുൻപിൽ എത്തിക്കുകയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് കമ്പനിയുടെ വാദം.

Related Articles

Latest Articles