Sunday, May 19, 2024
spot_img

ജാനകിയുടെ ശബ്ദത്തിൽ പ്രശസ്തൻ; ഗാനമേളക്കിടെ ​വേദിയില്‍ കുഴഞ്ഞ് വീണ് ഗായകന്‍ മരിച്ചു

കൊല്ലം: ഗാനമേളവേദികളില്‍ സ്ത്രീശബ്ദം അനുകരിച്ച്‌ പാടി ശ്രദ്ധേയനായ ഗായകന്‍ കൊല്ലം ശരത്ത് അന്തരിച്ചു. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു.

അടുത്തബന്ധുവിന്റെ അഭ്യര്‍ഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളര്‍ന്നുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി. തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായ ശരത് സ്ത്രീശബ്ദത്തില്‍ പാട്ടുപാടി ഗാനമേളവേദികളില്‍ വിസ്മയം തീര്‍ത്തിട്ടുണ്ട്.

എസ്.ജാനകിയുടെ ശബ്ദം ഭംഗിയായി അദ്ദേഹം അനുകരിക്കുമായിരുന്നു. സരിഗയില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. കോവിഡ് അടച്ചിടല്‍ അവസാനിച്ചതോടെ വീണ്ടും ഗാനമേള വേദികളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ശരത്തിനെ മരണം കീഴടക്കിയത്.

കൊല്ലം കുരീപ്പുഴ മണലില്‍ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയില്‍ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്‌കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തില്‍

Related Articles

Latest Articles