Friday, May 10, 2024
spot_img

തൃശ്ശൂർ പൂരത്തിന് ഇക്കൊല്ലം കുടയിൽ വീര സവർക്കറും: പാറമേക്കാവ് ദേശത്തിന്റെ കുടയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്ത കുടകൾ ഒരുങ്ങുന്നു

തൃശൂർ: തൃശൂര്‍ പൂരം കുടമാറ്റത്തിനുള്ള കുടകളില്‍ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറും. സ്വാതന്ത്ര്യ സമര സേനാനികളുടെയും നവോത്ഥാന നായകന്‍മാരുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെയും ചിത്രം. വീർ സവർക്കറെ കൂടാതെ സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, ചട്ടമ്പി സ്വാമികൾ, സ്വാമി വിവേകാന്ദൻ,മന്നത്ത് പത്മനാഭൻ,രാജ് ഗുരു ചന്ദ്രശേഖർ ആസാദ്, രാജാ റാം മോഹൻ റായി തുടങ്ങിയ നിരവധി ഭാരതീയ നേതാക്കൻമാർ ഇടം പിടിച്ചിട്ടുണ്ട്.

അതേസമയം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം ഇന്ന് ആരംഭിച്ചു. ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സവര്‍ക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നില്‍കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തുടർന്ന് തിരുവമ്പാടി ദേവസ്വത്തിന്റെ പ്രദർശനോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.

രണ്ട് ദിവസങ്ങളിലായി തിരുവമ്പാടിയും പാറമേക്കാവും ചമയ പ്രദർശനം നടത്തുന്നുണ്ട്. സാധാരണ ചമയ പ്രദർശനം നടത്തി വരാറുള്ളത് പൂരത്തലേന്നാണ്. തിരക്ക് കണക്കിലെടുത്ത് ഇക്കുറി ഇന്നും നാളെയുമായാണ് ചമയ പ്രദർശനം നടത്തുന്നത്. മാത്രമല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ള പ്രമുഖർ നാളെ പ്രദർശനം കാണാൻ എത്തും. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.

Related Articles

Latest Articles