Monday, April 29, 2024
spot_img

റഷ്യൻ ക്രൂഡ് ഓയിൽ എത്തി; കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുമ്പോൾ വേണ്ടെന്ന് വെയ്‌ക്കേണ്ട ആവശ്യം ഇല്ല, ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരും’; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതായി സ്ഥിരീകരിച്ച് നിർമ്മല സീതാരാമൻ

ദില്ലി:റഷ്യൻ ക്രൂഡ് ഓയിൽ എത്തി. നാല് ദിവസത്തേയ്‌ക്കുള്ള ക്രൂഡ് ഓയിൽ ഇന്ത്യയ്‌ക്ക് ലഭിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. കൂടാതെ റഷ്യ കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയിൽ ഇന്ത്യയ്‌ക്ക് നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും രാജ്യ താത്പര്യവും രാജ്യത്തിന്റെ ഊർജ്ജ താത്പര്യവും കണക്കിലെടുത്ത് ഇന്ത്യ എന്ത് നടപടിയും സ്വീകരിക്കുമെന്നും റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.

‘കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയിൽ ലഭിക്കുകയാണെങ്കിൽ അത് വാങ്ങാതിരിക്കേണ്ട ആവശ്യം ഇന്ത്യയ്‌ക്കില്ല. മൂന്ന് നാല് ദിവസത്തേയ്‌ക്കുള്ള ബാരൽ ക്രൂഡ് ഓയിൽ ലഭിച്ചു കഴിഞ്ഞു. ബാരലിന് 35 ഡോളർ വരെ കുറച്ച് ക്രൂഡ് ഓയിൽ നൽകാമെന്നാണ് റഷ്യയുടെ വാഗ്ദാനം. കുറഞ്ഞത് 1.5 കോടി ബാരൽ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്ന നിർദ്ദേശവും റഷ്യ, ഇന്ത്യയ്‌ക്ക് മുന്നിൽവെച്ചിട്ടുണ്ട്’-നിർമ്മല സീതാരാമൻ പറഞ്ഞു

അതേസമയം ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജെ ലാവ്‌റോവ് എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ വർഷം 15 മില്യൺ ബാരൽ കരാർ ഇന്ത്യ ഏറ്റെടുക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിട്ടുള്ളത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റ് പിജെഎസ്സിയും ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും നേരിട്ടുള്ള ഇടപാടുകളിൽ പങ്കാളികളാകുമെന്നാണ് വിലയിരുത്തൽ.

എന്നാൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം. ക്രൂഡ് ഓയിൽ ബാരലിന് 30-35 ഡോളർ വരെ കിഴിവ് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്രൂഡ് ഓയിൽ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കൂടാതെ സാമ്പത്തിക വർഷം ഫെബ്രുവരി വരെ 105.8 ബില്യൺ ഡോളർ ചെലവിൽ 193.5 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് രാജ്യത്ത് ഇറക്കുമതി ചെയ്തിട്ടുള്ളത്.

Related Articles

Latest Articles