തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടികളും മറ്റും നീക്കം ചെയ്യുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്നിന് ഓൺലൈനായാണ് യോഗം നടക്കുക. കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇതേ തുടർന്നാണ് നടപടി തീരുമാനിക്കാൻ സർക്കാർ യോഗം വിളിച്ചത്.
അനുവാദമില്ലാതെ പാതയോരങ്ങളിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു. പാതയോരങ്ങളിലെ കൊടിതോരണങ്ങള്‍ സംബന്ധിച്ച് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത്. നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

