തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. മകൻ ബിനീഷ് കോടിയേരി ലഹരിമരുന്ന് കേസിൽ അറസ്റിലായതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ കോടിയേരി പാർട്ടി ചുമതല ഒഴിയുന്നത്. ചികിത്സക്കായി അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. എൽഡിഎഫ് കൺവീനർ എ. വിജയരാഘവനാണ് പകരം ചുമതല.
എത്ര കാലത്തേക്കാണ് കോടിയേരി അവധിയെടുക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. “സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവൻ നിര്‍വ്വഹിക്കുന്നതാണ്.” എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ പറയുന്നത്.
നിർണായകമായ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഘട്ടത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ മാറിനിൽകുന്നത്. ബിനീഷ് കോടിയേരിക്കെതിരെ ഉയർന്നുവരുന്ന കടുത്ത ആരോപണങ്ങളും എൻഫോഴ്സ്മെന്‍റ് കേസിൽ ജയിലിൽ കഴിയേണ്ടിവരുന്ന പശ്ചാത്തലവും തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഗരുതരമായി ബാധിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് കോടിയേരിയുടെ സ്ഥാനം ഒഴിയൽ എന്നാണ് സൂചന.

