Saturday, May 18, 2024
spot_img

ഫൊറൻസിക് സയൻസിൽ പുതിയ അധ്യായം കുറിച്ച കേസ്; കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ വിധി ഇന്ന്

കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ (Uthra Case Verdict Today) വിധി ഇന്ന്. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ അന്തിമ വിധി പറയുക. ഉച്ചയ്ക്ക് മുൻപ് തന്നെ കേസ് പരിഗണിക്കാനാണ് സാധ്യത. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിച്ച ശേഷം പ്രതിയുടെ ഭാഗം വീണ്ടും കേൾക്കും. ശേഷമാകും ശിക്ഷാവിധി പ്രസ്താവിക്കുക. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് കേസിൽ വിധി പറയുന്നത്. കൊലപാതകം നടന്ന് ഒന്നര വർഷത്തിനുള്ളിലാണ് കേസിൽ വിധിയെത്തുന്നത്.

ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അഡീഷനൽ സെഷൻസ് ജഡ്ജ് എം. മനോജ് മുൻപാകെയാണ് കേസിന്റെ വിചാരണ നടന്നത്. അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര(25)യ്ക്ക് 2020 മേയ് ആറിനു രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഉത്ര വധക്കേസ് പ്രതി (Uthra Case) അതിസമർത്ഥനും ക്രൂരനുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഹരിശങ്കർ പറഞ്ഞു. അന്വേഷണത്തിൽ ഇത് വ്യക്തമായി.

എന്നാൽ ദൃക്സാക്ഷികളില്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ സാഹചര്യ തെളിവുകൾ ശേഖരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നതായും എസ്.പി ഹരിശങ്കർ പറഞ്ഞു. കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനെ കണ്ടതോടെയാണ്, ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവ് ഉണ്ടായത്. ജില്ലാ ക്രൈം ബ്രാഞ്ചിനു കേസ് കൈമാറി. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.

ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ്. 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ പൊലീസിനു കഴിഞ്ഞു. കോടതി വിധി പറയുന്നതോടെ കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടുത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ്‍ സുരേഷിനെ വിട്ടയയ്ക്കാനുള്ള ഉത്തരവും ഉണ്ടാകും. സുരേഷിന്റെ കയ്യിൽനിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്. സൂരജിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസ് പിടികൂടിയ സുരേഷ് അന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കേസിന്റെ നാൾ വഴികൾ

2018 മാർച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം

2020 മാർച്ച് 2 അടൂരിലെ വീട്ടിൽ വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേൽക്കുന്നു

2020 മാർച്ച് 2 2020 ഏപ്രിൽ 22 ഉത്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

ഏപ്രിൽ 22 ആശുപത്രിയിൽ നിന്ന് അഞ്ചലുള്ള ഉത്രയുടെ വീട്ടിലേക്ക്

മെയ് 6 വൈകുന്നേരം സൂരജ് ഉത്രയുടെ വീട്ടിലേക്ക്

മെയ് 7 ഉത്രയുടെ മരണം

മെയ് 7 അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മെയ് 12 പൊലീസ് നടപടി ശക്തമാക്കണമെന്ന ഉത്രയുടെ വീട്ടുകാരുടെ ആവശ്യം

മെയ് 19 റൂറൽ എസ് പി ഹരിശങ്കറിന് വീട്ടുകാരുടെ പരാതി

മെയ് 25 സൂരജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, വൈകുന്നേരത്തോടെ അറസ്റ്റ്

ജൂലൈ 30 മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന

ഓഗസ്റ്റ് 14 അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

ഫൊറൻസിക് സയൻസിൽ പുതിയ അധ്യായം കുറിച്ച കേസ്

അതേസമയം ഉത്ര വധക്കേസ് ഫൊറൻസിക് സയൻസിൽ തന്നെ പുതിയ അധ്യായത്തിനു വഴിതെളിച്ചു എന്നാണ് വിലയിരുത്തൽ. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതെളിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്. അതിലാണ് ഇന്ന് അന്തിമവിധി പറയുന്നത്.

Related Articles

Latest Articles