Thursday, May 16, 2024
spot_img

കേരളം തിരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടുമുടിയിലേക്ക്; മത്സരിക്കാൻ കൊറോണയും രംഗത്ത്

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിച്ചതോടെ കേരളം ആവേശത്തിന്റെ കൊടുമുടിയിലേക്ക്. ദേശീയ- സംസ്ഥാന- പ്രാദേശിക പാർട്ടികൾക്കും സ്വതന്ത്രർക്കും ചിഹ്നങ്ങൾ അനുവദിച്ചു തുടങ്ങിയതോടെ ചുവരെഴുത്തുകളും പോസ്റ്ററുകളും സജീവമായി.

തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു 2015ൽ ബിജെപി കാഴ്ചവെച്ചത്. ഇക്കുറി അതിനേക്കാൾ ശക്തമായ പ്രകടനം പുറത്തെടുക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് പാർട്ടി. ഇതിനിടെ പേര് കൊണ്ട് വ്യത്യസ്തയാകുകയാണ് കൊല്ലം കോർപ്പറേഷൻ മതിലിൽ ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥി.
കൊല്ലം കോർപ്പറേഷനിലെ മതിലിൽ ഡിവിഷനിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ പേരാണ് കൊറോണ തോമസ്.

കൊല്ലം മതിലിൽ കാട്ടുവിളയിൽ തോമസ് മാത്യുവിന്റെയും ഷീലയുടെയും മകളാണ് കൊറോണ. കോറൽ തോമസാണ് ഇരട്ട സഹോദരൻ. പ്രകാശവലയം എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് മകൾക്കിട്ടത് പിതാവ് തോമസാണ്.
കൊവിഡ് ബാധിച്ച് ഒക്ടോബറിൽ കൊറോണ തോമസ് പരിപ്പള്ളിയിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ആ സമയം ഗർഭിണിയായിരുന്ന കൊറോണ ഒക്ടോബർ 15ന് ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. കുട്ടിയ്ക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നു.
ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് വീട്ടിലേക്ക് മടങ്ങി വിശ്രമത്തിലായിരുന്ന കൊറോണയെ തേടി അപ്രതീക്ഷിതമായാണ് ബിജെപിയുടെ വിളിയെത്തുന്നത്. സജീവ ബിജെപി പ്രവർത്തകനായ ജിനു സുരേഷാണ് ഭർത്താവ്. അർണവ്, അർപ്പിത എന്നിവർ മക്കളാണ്.
കൊല്ലം മതിലിൽ ഡിവിഷനിൽ കൊറോണയിലൂടെ അട്ടിമറി വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. 2015ലെ തിരഞ്ഞെടുപ്പിൽ 1307 വോട്ട് നേടി യുഡിഎഫിലെ ആർഎസ്പി വിജയിച്ച മതിലിൽ ഡിവിഷനിൽ 945 വോട്ട് നേടി ബിജെപി രണ്ടാമത് എത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പായതിനാൽ മുമ്പെങ്ങും ഇല്ലാത്ത വിധം സാമൂഹിക മാധ്യമങ്ങളും പ്രചാരണത്തിന്റെ ആവേശമായി മാറുകയാണ്.

Related Articles

Latest Articles