കോട്ടയം: ഈസ്റ്റര്‍ ദിനത്തില്‍ വീടിന് സമീപത്തെ റോഡിൽ നിന്ന് സോഷ്യൽമീഡിയയിൽ പങ്കു വെക്കാൻ ചിത്രമെടുത്തു. ദൃശ്യം ചിത്രീകരിച്ചതിന് ബന്ധു വഴക്കു പറഞ്ഞതിൽ മനം നൊന്ത് പതിനെട്ടു വയസുകാരി ജീവനൊടുക്കി. തലയോലപ്പറമ്പ് പഴംപെട്ടി ശാസ്താപടവില്‍ കൃഷ്ണമോളാണ്(18) ബുധനാഴ്ച ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയത്.
ഇവരുടെ കൂട്ടുകാരിയും ഒതളങ്ങ കഴിച്ചിരുന്നു. അവര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഈസ്റ്റര്‍ ദിനത്തില്‍ വീടിന് സമീപത്തെ റോഡിലായിരുന്നു സ്വയം മോഡലായി ചിത്രീകരണം. കൂട്ടുകാരിയുമൊത്ത് സിനിമയ്ക്ക് പോയ ശേഷം കൃഷ്ണമോളുടെ ബന്ധുവിന്റെ വീട്ടിലേക്ക് പോയി തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് റോഡില്‍ ചിത്രീകരണം നടത്തിയത്.
സംഭവത്തില്‍ ഇഷ്ടക്കേട് തോന്നിയ കൃഷ്ണയുടെ ബന്ധു വഴക്കുപറഞ്ഞിരുന്നു. കടുത്തുരുത്തിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു കൃഷ്ണമോള്‍. പോലീസ് സംഭവം വിശദമായി അന്വേഷിക്കുന്നതായി എസ്.ഐ. ജസ്റ്റിന്‍ മണ്ഡപം വ്യക്തമാക്കി.

