Monday, October 26, 2026

കോട്ടയത്ത് വിദ്യാർത്ഥി തെറിച്ചുവീണ സംഭവം; ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്, ഡ്രൈവർക്കെതിരെ കേസ്

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ച് വീണ സംഭവത്തിൽ പോലീസ് നടപടി. അപകടത്തിന് കാരണമായ സ്വകാര്യ ബസ് കോട്ടയം ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ ചിങ്ങവനം കൈനടി സ്വദേശി മനീഷിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസിന്റെ
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം അപകടമുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്തു.

കോട്ടയം ചിങ്ങവനത്തിനടുത്ത് പവർഹൗസ് ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. എട്ടാം ക്ലാസുകാരനായ അഭിറാമിന് മുഖത്തും കൈമുട്ടിനും പരിക്കേറ്റു. വിദ്യാർത്ഥി വീണിട്ടും ബസ് നിർത്താത്തതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു നിർത്തിയിരുന്നു.

കോട്ടയം-കൈനടി റൂട്ടിലോടുന്ന ചിപ്പി എന്ന് പേരുള്ള ബസാണ് അപകടമുണ്ടാക്കിയത്.
ബസ് അമിതവേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിദ്യാർത്ഥി ബസിൽ നിന്നും വീണിട്ടും ബസ് ജീവനക്കാർ വേണ്ട നടപടികൾ എടുക്കാൻ തയ്യാറായില്ല. സംഭവം വിവാദമായതോടെ ഡ്രൈവറോട് തിങ്കളാഴ്ച ഹാജരാകാൻ ആർടിഒ നിർദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles