Saturday, April 27, 2024
spot_img

കോഴിക്കോട് ഭീകരാക്രമണം ടെസ്റ്റ് ഡോസ് ? ഷാരൂഖ് സെയ്‌ഫിനെ ചോദ്യം ചെയ്യുന്നത് തുടരും; പ്രതി ഒറ്റക്കല്ല ആക്രമണം നടത്തിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം

കോഴിക്കോട്: കേന്ദ്ര ഏജൻസികളുടെ പ്രാഥമിക നിഗമനം ശരിവച്ചുകൊണ്ട് കോഴിക്കോട് ഭീകരാക്രമണം അന്വേഷിക്കുന്ന കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം. പ്രതി ഷാരൂഖ് സെയ്‌ഫി ഒറ്റക്കല്ല ആക്രമണം നടത്തിയതെന്നും, ആക്രമണം ടെസ്റ്റ് ഡോസ് ആണോ എന്നും ഇപ്പോൾ പോലീസ് സംശയിക്കുന്നുണ്ട്. വലിയ ആക്രമണങ്ങൾക്ക് മുന്നോടിയായി നടത്തിയ ആക്രമണമാണിതെന്നും അന്വേഷണ സംഘം ഇപ്പോൾ സംശയിക്കുന്നുണ്ട്. ആക്രമണം നടത്താനായി ഭീകരൻ ഷാരൂഖിന് വിദഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നില്ലെന്നും സൂചനയുണ്ട്. ഷാരൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ച് മൂന്നുദിവസം പിന്നിടുമ്പോഴും നീക്കങ്ങളെല്ലാം അതിരഹസ്യമാക്കി വയ്ക്കുകയാണ് പോലീസ്. മാലൂര്‍കുന്ന് എ.ആര്‍. ക്യാമ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍മാത്രമാണ് ശനിയാഴ്ചയും ചോദ്യംചെയ്യലില്‍ പങ്കെടുത്തത്. ചോദ്യംചെയ്യല്‍ നടക്കുന്ന ഓഫീസേഴ്സ് ഹോസ്റ്റലിലേക്ക് മറ്റു ഉദ്യോഗസ്ഥരുള്‍പ്പെടെ കയറുന്നത് തടയാന്‍ എ.ഡി.ജി.പി.യുടെ നിര്‍ദേശപ്രകാരം ബാരിക്കേഡ് സ്ഥാപിച്ചു.

കഴിഞ്ഞദിവസം ഹോസ്റ്റലിലേക്ക് വന്ന സിറ്റിയിലെ ഒരു അസിസ്റ്റന്റ് കമ്മിഷണറെയും എന്‍.ഐ.എ.യില്‍ 11 വര്‍ഷത്തോളം പ്രവര്‍ത്തനപരിചയമുള്ള ഒരു എസ്.പി.യെയും എ.ഡി.ജി.പി. പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച സമരസ്ഥലത്തും മറ്റും പോലീസ് സ്ഥാപിക്കാറുള്ള അതേ ബാരിക്കേഡ് ഇവിടെയും സ്ഥാപിച്ചത്. എ.ഡി.ജി.പി.യെക്കൂടാതെ ഐ.ജി. നീരജ്കുമാര്‍ ഗുപ്ത, കമ്മിഷണര്‍ രാജ്പാല്‍ മീണ, പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. പി. വിക്രമന്‍ എന്നിവരാണ് ശനിയാഴ്ച ഷാരൂഖിനെ ചോദ്യംചെയ്തത്. അതേസമയം പ്രതി ഷാരൂഖ് സെയ്‌ഫി പോലീസിന്റെ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന സൂചനയുണ്ട്. തലവേദന, കരള്‍രോഗം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ഇയാള്‍ ചോദ്യംചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറുന്നത്. ഇടയ്ക്കിടെ മൂത്രമൊഴിക്കാനായി പോകണമെന്നും പറയുന്നുണ്ട്. തുടര്‍ന്ന് പോലീസ് അകമ്പടിയോടെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരും. ഇത്തരത്തില്‍ പരമാവധി സമയംകളയാനാണ് ഷാരൂഖ് ശ്രമിക്കുന്നത്.

ഷാരൂഖ് സെയ്ഫി ഷൊര്‍ണൂരില്‍നിന്നാണ് പെട്രോള്‍ വാങ്ങിയതെന്ന് ഇന്നലെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഷൊര്‍ണൂരില്‍ മറ്റൊരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തില്‍നിന്ന് എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാര്‍ ഒഴിഞ്ഞുമാറി. യു.എ.പി.എ. ചുമത്തുമോ എന്നചോദ്യത്തിന് ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണെന്നും ആവശ്യംവരുമ്പോള്‍ നോക്കി ചെയ്യുമെന്നുമായിരുന്നു മറുപടി. തീവ്രവാദബന്ധമുണ്ടോ, കേസ് കേന്ദ്രഏജന്‍സികള്‍ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് എല്ലാവശവും അന്വേഷിച്ചുവരികയാണെന്നുമായിരുന്നു അദ്ദേഹം മറുപടി പറഞ്ഞു.

Related Articles

Latest Articles